ഡേ കെയര്‍ സെന്ററില്‍ പത്തുമാസം പ്രായമായ കുഞ്ഞിനെ ആയ ക്രൂരമായി മര്‍ദിച്ചു

175


മുംബൈ: നവി മുംബൈയിലെ ഡേ കെയര്‍ സെന്ററില്‍ പത്തുമാസം പ്രായമായ കുഞ്ഞിനെ ആയ ക്രൂരമായി മര്‍ദിച്ചു. കുട്ടി അബോധാവസ്ഥയില്‍ എത്തുന്നവരെയും മര്‍ദനം തുടര്‍ന്നു. കുട്ടിയുടെ ദേഹത്തും നെറ്റിയിലും ചതവ് പറ്റിയിട്ടുണ്ട്. കുട്ടിയെ ഉപദ്രവിച്ച ആയ അഫ്സാന ഷെയ്ഖിനെയും ഡെകെയര്‍ സെന്റര്‍ ഉടമ പ്രിയങ്ക നിഖമിനെയും പൊലീസ് അറസ്റ്റ്ചെയ്തു. അഫ്സാനയെ റിമാന്‍ഡ് ചെയ്തു. ഡെകെയര്‍ സെന്റര്‍ ഉടമ പ്രിയങ്ക നിഖമിനെ ജാമ്യത്തില്‍ വിട്ടു. കുട്ടിയെ എടുത്ത് നിലത്തെറിയുന്നതിന്റെയും മര്‍ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നവി മുംബൈയ്ക്ക് സമീപം കര്‍ഘറിലുള്ള പൂര്‍വ പ്ലേ സ്കൂളിലെ കുട്ടിക്കാണ് ആയയുടെ ക്രൂര മര്‍ദ്ദനമേറ്റത്. വൈകിട്ട് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ മാതാപിതാക്കള്‍ കുട്ടിയുടെ നെറ്റിയിലും ദേഹത്തും മുറിവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങളില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.