പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്ന ആവശ്യവുമായി ഇന്ത്യ

212

ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്ന ആവശ്യവുമായി ഇന്ത്യ. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ദാവൂദിനെ ഇന്ത്യയ്ക്കു കൈമാറേണ്ടത് പാക്കിസ്ഥാന്റെ കടമയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ വിഷയത്തിൽ യുഎന്നിന്റെ അഭിപ്രായങ്ങൾ മാനിച്ച് പാക്കിസ്ഥാൻ നല്ല തീരുമാനം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ദാവൂദിന്റെ പാക്കിസ്ഥാനിലെ വിലാസങ്ങളായി ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയ്ക്കു കൈമാറിയ ഒൻപതിൽ ആറെണ്ണവും ശരിയാണെന്നു യുഎൻ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിലെ ദാവൂദിന്റെ സ്വത്തുവിവരങ്ങളും യുഎൻ ശരിവച്ചിട്ടുണ്ട്. ദാവൂദിന്റെ ഭാര്യയുടെ പേര്, പിതാവിന്റെ പേര്, ദാവൂദിന്റെ മറ്റു വിളിപ്പേരുകൾ ഇവയും ഇന്ത്യ നൽകിയ വിവരങ്ങളിൽ ഉണ്ടായിരുന്നു. ഇവയെല്ലാം യുഎൻ ശരിവച്ചതായും വികാസ് സ്വരൂപ് പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിനു അഭയം നൽകിയിരിക്കുന്ന പാക്കിസ്ഥാനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിലാസങ്ങൾ ഇന്ത്യ യുഎന്നിനു കൈമാറിയത്. ദാവൂദ് പതിവായി സന്ദർശിക്കുന്ന ഒൻപതു സ്ഥലങ്ങളുടെ വിലാസങ്ങളാണ് യുഎൻ രക്ഷാസമിതിയുടെ സമിതിക്കു നൽകിയത്.

പാക്കിസ്ഥാനിൽ വൻ സ്വത്തുസമ്പാദ്യങ്ങളുള്ള ദാവൂദ് പാക്ക് അധികൃതരുടെ തണലിൽ ഒളിവുജീവിതം നയിക്കുന്നുവെന്നാണ് ഇന്ത്യയുടെ വാദം. അതേസമയം, ദാവൂദ് രാജ്യത്തില്ലെന്നാണു പാക്ക് അധികൃതരുടെ നിലപാട്. 257 പേർ കൊല്ലപ്പെടുകയും ആയിരത്തോളം പേർക്കു പരുക്കേൽക്കുകയും ചെയ്ത 1993ലെ മുംബൈ സ്ഫോടനപരമ്പരക്കേസിൽ പിടികിട്ടാപ്പുള്ളിയാണു ദാവൂദ് ഇബ്രാഹിം.

NO COMMENTS

LEAVE A REPLY