കറിവേപ്പിലയുടെ ഒൗഷധപ്രയോഗങ്ങൾ

280

ആറു മീറ്ററോളം വരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണു കറിവേപ്പ്. കറികൾക്കു രുചിയും സുഗന്ധവും നൽകുന്ന കറിവേപ്പില ഒൗഷധാവശ്യത്തിനും ഉപയോഗിക്കുന്നു. ആഹാരത്തിലുണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ‘റൂട്ടേബിയെ’ സസ്യകുടുംബത്തിൽപ്പെടുന്ന കറിവേപ്പിലയുടെ ശാസ്ത്രനാമം ‘മുരയ കൊനീജിയൈ’ എന്നാണ്. കറിവേപ്പില ദഹനശക്തി വർധിപ്പിക്കും. അതിസാരം, വയറുകടി ഇവയ്ക്കു ഫലപ്രദമാണ്. വിഷത്തെ നശിപ്പിക്കും. ബുദ്ധിശക്തി വർധിപ്പിക്കുന്നതുമാണ്. കാൻസറിനെതിരെ പ്രവർത്തിക്കുന്നതിനുളള കഴിവും കറിവേപ്പിലയ്ക്കുണ്ടെന്ന് ആധുനിക ഗവേഷണങ്ങൾ.

കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, അന്നജം, നാരുകൾ, സ്റ്റീറോൾ, കാർബസോൾ ആൽക്കലോയിഡുകൾ, അമിനോ ആസിഡുകൾ, ആന്റി ഒാക്സിഡന്റ്, ഗ്ലൈക്കോസൈഡ് എന്നിവയെല്ലാം കറിവേപ്പിലയിലുണ്ട്. വിറ്റമിൻ എ, ബി, സി, ഇ തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു.

കൃഷി ചെയ്യുന്ന വിധം

കറിവേപ്പിന്റെ വേരിൽ നിന്നും വിത്തിൽ നിന്നുമാണ് തൈകൾ ഉണ്ടാക്കുന്നത്. ഒരടി നീളവും ഒരടി വീതിയും ഒരടി താഴ്ചയും ഉളള കുഴിയെടുത്ത് ചെടിക്കും മണ്ണിനും ഇളക്കം തട്ടാത്ത വിധത്തിൽ നടുക. ചെടി നട്ട് മണ്ണ് ചുറ്റും അമർത്തി യോജിപ്പിച്ചശേഷം വെളളം ഒഴിക്കണം.

ഒൗഷധപ്രയോഗങ്ങൾ

∙ കറിവേപ്പിലയും മഞ്ഞളും സമം അളവിൽ പതിവായി കഴിച്ചാൽ അലർജി മാറും.

∙ കറിവേപ്പില, ചുക്ക്, കുരുമുളക് സമം അളവിൽ കഷായം വച്ചു കുടിച്ചാൽ പനി മാറും.

∙ കറിവേപ്പിലയുടെ പത്തു തണ്ടിന്റെ ഇലകൾ, കുരുമുളക് 10 എണ്ണം, ഇഞ്ചി, പുളി, ഉപ്പ് ഇവ ആവശ്യത്തിനു ചേർത്തരച്ചു ദിവസവും കഴിച്ചാൽ തുമ്മൽ, ഈസ്നോഫീലിയ, ഈസ്നോഫീലിയ കൊണ്ടുളള ചുമ എന്നിവ മാറും.

∙ തേൾ കുത്തിയാൽ കറിവേപ്പില പാലിൽ അരച്ചു ലേപനം ചെയ്യുക.

∙ കറിവേപ്പിന്റെ കുരുന്നിലകൾ ചവച്ചു തിന്നുന്നത്, ദഹനമില്ലാതെ കഫത്തോടും ദുർഗന്ധത്തോടുംകൂടി ഉണ്ടാകുന്ന അതിസാരത്തിൽ പലപ്രദമായി കണ്ടിട്ടുണ്ട്.

∙ സ്വരശുദ്ധിക്ക് കറിവേപ്പില ദിവസവും അരച്ചു കഴിക്കുക.

‌∙ കറിവേപ്പില അരച്ചു ചേർത്തു വെളിച്ചെണ്ണ കാച്ചി തേക്കുന്നത് അകാലനര ഒഴിവാക്കും. ഇതോടൊപ്പം തന്നെ കറിവേപ്പില അരച്ചു കഴിക്കുക.

∙ ദിവസവും ആഹാരങ്ങളിൽ കറിവേപ്പില ചേർക്കുന്നതുകൊണ്ട് ദഹനശക്തി വർധിക്കുന്നു. വിഷാംശം ഉണ്ടെങ്കിൽ നിർവീര്യമാക്കുകയും ചെയ്യും.

∙ കുറച്ചു കറിവേപ്പിലയും മൂന്നു കുരുമുളകും ചേർത്തു ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുന്നതു രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കും.

∙ ചൂടുകുരുവിനും തിണർപ്പിനും കറിവേപ്പില വെണ്ണ പോലെ അരച്ച് പുരട്ടുക.

∙ കറിവേപ്പിലയും മഞ്ഞളും ചേർത്ത് മോരു കാച്ചി ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതു ദഹനസംബന്ധ രോഗങ്ങൾ മാറ്റും.

കറിവേപ്പില വിഭവങ്ങൾ

കറിവേപ്പില ചമ്മന്തി

കറിവേപ്പില– 25 തണ്ടിന്റെ ഇലകൾ, ഇടത്തരം വലിപ്പമുളള നാളികേരം ചിരകിയത്, കുരുകളഞ്ഞ കോൽപുളി– ഒരു നെല്ലിക്കാ വലുപ്പം, ഉണക്കമുളക് ചതച്ചത് – മൂന്നു ടീസ്പൂണ്‍, ഉപ്പ്– ആവശ്യത്തിന്

തയാറാക്കുന്ന വിധം– കറിവേപ്പില ചട്ടിയിലിട്ട് മൊരിയിക്കുക. നാളികേരം ചിരകിയതും ചതച്ച മുളകും മറ്റൊരു പാത്രത്തിൽ ചുവക്കുന്നതുവരെ വറുത്തെടുത്ത് മൊരിയിച്ചെടുത്ത കറിവേപ്പില, പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.

കറിവേപ്പില റൈസ്

അരി– ഒരു കപ്പ്, ചുവന്നുളളി– കാൽ കപ്പ്, തക്കാളി– രണ്ട്, നെയ്യ്– നാലു ടേബിൾ സ്പൂൺ, ഉണക്ക ചുവന്ന മുളക്– 10, കായം പൊടിച്ചത്– ഒരു നുളള്, തയാറാക്കുന്ന വിധം– അരി വേവിച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ചു ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട ഇവ വറക്കുക. ഇതിലേക്ക് ചുവന്നുളളിയും തക്കാളിയും അരിഞ്ഞു ചേർക്കുക. നന്നായി വഴറ്റി അരച്ചുവച്ച ചേരുവകളും ചേർത്തിളക്കുക. ശേഷം വേവിച്ച അരിയും ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക. വറുത്ത അണ്ടിപ്പരിപ്പ് ചേർത്ത് അലങ്കരിക്കുക.

NO COMMENTS

LEAVE A REPLY