സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ തലവരിപ്പണം വാങ്ങുെന്നന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

208

തിരുവനന്തപുരം:സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ തലവരിപ്പണം വാങ്ങുെന്നന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് അന്വേഷണത്തിനാണു നേരത്തേ നിര്‍ദേശിച്ചിരുന്നത്. സ്വാശ്രയ കോളജുകള്‍ വിജിലന്‍സിന്‍റെ അന്വേഷണ പരിധിയില്‍ വരില്ലെന്ന് ഇന്നലെ സ്പീക്കറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു സാന്പത്തികഭാരം ഉണ്ടാകാത്ത തരത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ നടപടികള്‍ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിയാരത്തെ ഫീസ് വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. ഇവിടെ മെറിറ്റിലുള്ള 50 സീറ്റിലെ 20 എണ്ണത്തില്‍ 25,000 രൂപയാണു ഫീസ്. 30 സീറ്റില്‍ 2.5 ലക്ഷമെന്നതിലാണു തര്‍ക്കം. പരിയാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഈ വിഷയത്തിനു പ്രസക്തിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കൊല്ലം പ്രവേശനം നേടിയവര്‍ക്കു ബാധ്യത വരാത്ത രീതിയില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവേശനത്തില്‍ ക്രമക്കേട് കാണിച്ച രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിട്ടുണ്ട്. കോളജുകളുടെ നടത്തിപ്പിന് കൃത്യമായ ലക്ഷ്മണരേഖയുണ്ട്. അതു ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ആവശ്യപ്പെട്ട ഘട്ടത്തിലെല്ലാം പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭ ഇന്നലെയും പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചതോടെ സ്പീക്കര്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ചു. സ്പീക്കറുടെ ചേംബറില്‍ ഇരുപക്ഷവുമായും ചര്‍ച്ച നടത്തിയെങ്കിലും സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ചു. ശൂന്യവേളയിലെ നടപടിക്രമങ്ങളിലും ധനാഭ്യര്‍ഥനാ ചര്‍ച്ചയിലും ഭരണപക്ഷം മാത്രമാണ് പങ്കെടുത്തത്. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യധാന്യം വെട്ടിക്കുറച്ചതിനെതിരേ ഭക്ഷ്യമന്ത്രി കൊണ്ടുവന്ന പ്രമേയവും വൈദ്യുതി, തുറമുഖം വകുപ്പുകളുടെ ധനാഭ്യര്‍ഥനയും പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തില്‍ നിയമസഭ പാസാക്കി.
എം.എല്‍.എമാര്‍ ആറു ദിവസമായി തുടരുന്ന നിരാഹാര സമരം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭ ചേര്‍ന്നപ്പോള്‍ത്തന്നെ പ്രതിപക്ഷം ബഹളംവച്ചു. പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നു സഭ നിര്‍ത്തിവച്ചാണ് സ്പീക്കര്‍ ചേംബറില്‍ ചര്‍ച്ച വിളിച്ചത്.
ഒരു മണിക്കൂറിന് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ചര്‍ച്ചകള്‍ തുടരും. ജനാധിപത്യത്തില്‍ യോജിപ്പും വിയോജിപ്പും സ്വാഭാവികമാണെങ്കിലും സഭാനടപടികള്‍ നിരന്തരം തടസപ്പെടുത്തുന്നത് ആശാസ്യമല്ല. സഭയുടെ സുഗമമായ നടത്തിപ്പിന് ഇരുപക്ഷവും സഹകരിക്കണമെന്നു സ്പീക്കര്‍ അഭ്യര്‍ഥിച്ചു.
സഭാനടപടികള്‍ നിരന്തരം തടസപ്പെടുത്തുക പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എം.എല്‍.എമാര്‍ നിരാഹാരം തുടരുന്ന സാഹചര്യത്തിലാണു സഭാനടപടികള്‍ ബഹിഷ്കരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മും തുടര്‍ന്നുള്ള സഭാനടപടികളില്‍ നിന്ന് വിട്ടുനിന്നു.