ക്വട്ടേഷന്‍ ഗുണ്ടാകേസില്‍ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍

173

കൊച്ചി : ക്വട്ടേഷന്‍ ഗുണ്ടാകേസില്‍ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍. സക്കീര്‍ ഹുസൈന് ജാമ്യം അനുവദിക്കരുതെന്നും പോലീസ് കസ്റ്റഡിയില്‍ വിടണമെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാവിന് എന്തിനാണ് ക്വട്ടേഷന്‍ ബന്ധമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. ഇത്തരം സാമൂഹിക വിരുദ്ധ നിലപാടുകളാണ് രാഷ്ട്രീയ പ്രവര്‍ത്തകരെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതെന്നും പ്രോസിക്യുഷന്‍ വാദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, ക്വട്ടേഷന്‍ ആരോപണം നിഷേധിച്ച സക്കീര്‍ ഹുസൈന്‍ പ്രശ്നത്തില്‍ ഇരുകക്ഷികളുമായി സംസാരിക്കുക മാത്രമാണ് ചെയ്തത് പരാതിക്കാരന്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സക്കീര്‍ ഹുസൈന്‍റെ അഭിഭാഷകന്‍ ഉന്നയിച്ചു.

തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കേസുകളില്‍ സക്കീറിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അറസ്റ്റിനു ശ്രമം നടത്തിയെങ്കിലും സക്കീര്‍ ഒളിവില്‍ പോവുകയായിരുന്നു. കൊച്ചിയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസ്. കൊച്ചി നഗരത്തിലെ ഗുണ്ടകളെ ഒതുക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സിറ്റി ടാസ്ക് ഫോഴ്സിന്‍റെ ആദ്യനീക്കത്തില്‍ തന്നെ കുടുക്കില്‍ വീണത് സി.പി.എം ഏരിയ സെക്രട്ടറിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. എന്നാല്‍ സക്കീര്‍ ഹുസൈനെ പുറത്താക്കാന്‍ തയ്യാറാകാത്ത പാര്‍ട്ടി ജില്ലാ നേതൃത്വം പാര്‍ട്ടിയിലെ ചര്‍ച്ചയ്ക്കു ശേഷം കൂടുതല്‍ നിലപാട് സ്വീകരിക്കാമെന്ന നിലപാടിലാണ്.