ബെംഗളൂരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ. ടോസ് നേടി ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനറങ്ങിയ ഇന്ത്യ 189 റണ്‍സിന് എല്ലാവരും പുറത്തായി. 71ാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ ലോകേഷ് രാഹുലിനെയും ഇഷാന്ത് ശര്‍മ്മയെയും പുറത്താക്കി നഥാന്‍ ലിയോണ്‍ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. പുണെയില്‍ ഒക്കീഫെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ കറക്കിവീഴ്ത്തിയതെങ്കില്‍ ബെംഗളൂരില്‍ ആ ജോലി നഥാന്‍ ലിയോണ്‍ ഏറ്റെടുത്തു എന്ന വ്യത്യാസം മാത്രം. എട്ടു വിക്കറ്റുകളാണ് ലിയോണ്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചത്. സ്റ്റാര്‍ക്കും ഒക്കീഫെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
205 പന്തില്‍ 90 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുല്‍ മാത്രമാണ് ചെറുത്ത് നില്‍പ്പ് നടത്തിയത്. ലോകേഷ് രാഹുലിനൊപ്പം കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെല്ലാം ഒന്നൊന്നായി ക്രീസ് വിടുകയായിരുന്നു. ഈ ടെസ്റ്റില്‍ അവസരം നല്‍കിയ അഭിനവ് മുകുന്ദും കരുണ്‍ നായരും വന്‍പരാജയമായി. ഇന്ത്യയുടെ അഞ്ച് ബാറ്റ്സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിനവ് മുകുന്ദ് പൂജ്യത്തിന് പുറത്തായപ്പോള്‍ 27ാം ഓവറില്‍ ചേതേശ്വര്‍ പൂജാര 17 റണ്‍സിനും പുറത്തായി. 12 റണ്‍സെടുത്ത കോലിയെ നഥാന്‍ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. നഥാന്‍ ലിയോണിന്റെ പന്തില്‍ ഹാന്‍ഡ്സ്കോമ്ബിന് ക്യാച്ച് നല്‍കിയാണ് പൂജാര ക്രീസ് വിട്ടത്. 17 റണ്‍സെടുത്ത രഹാനെയെ ലിയോണിന്റെ പന്തില്‍ വെയ്ഡ് സ്റ്റമ്ബ് ചെയ്തു. സമാന രീതിയില്‍ ഒക്കീഫെക്ക് വിക്കറ്റ് നല്‍കി കരുണ്‍ നായരും മടങ്ങി. നേരത്തെ പുണെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 333 റണ്‍സിന് പരാജയപ്പെട്ടിരുന്നു