ബംഗ്ലദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍ ;മുരളി വിജയ്ക്കും വിരാട് കോഹ്‍ലിക്കും സെഞ്ചുറി

261

ഹൈദരാബാദ്• സെഞ്ചുറി നേടിയ ഓപ്പണര്‍ മുരളി വിജയ്, ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി എന്നിവരുടെയും അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ ചേതേശ്വര്‍ പൂജാരയുടെയും മികവില്‍ ബംഗ്ലദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമ്ബോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി (111), അ‍ജിങ്ക്യ രഹാനെ (45) എന്നിവരാണ് ക്രീസില്‍. അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെ പ്രകടനവും (83) ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായി. വിജയിന്റെ ഒന്‍പതാമത്തെയും കോഹ്‍ലിയുടെ 16-ാമത്തെയും ടെസ്റ്റ് സെഞ്ചുറിയാണിത്.
ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് കളിക്കുന്ന ബംഗ്ലദേശിനെതിരെ ടോസ് ഭാഗ്യം അനുഗ്രഹിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ.

ആദ്യം ബാറ്റു ചെയ്യാനായിരുന്നു കോഹ്‍ലിയുടെ തീരുമാനം. എന്നാല്‍, ആദ്യ ഓവറില്‍ത്തന്നെ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമാകുന്നതു കണ്ടുകൊണ്ടാണ് മല്‍സരം തുടങ്ങിയത്. നാലു പന്തില്‍ രണ്ടു റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിനെ ടസ്കിന്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കി. അപ്പോള്‍ ഇന്ത്യ സ്കോര്‍ രണ്ടു മാത്രം. എന്നാല്‍, രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിജയ്-പൂജാര സഖ്യം ഇന്ത്യന്‍ ഇന്നിങ്സിനെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോയി. പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ ക്ഷമയോടെ ബാറ്റു ചെയ്ത ഇരുവരും രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് (178) പടുത്തുയര്‍ത്തി. ഇരുവരുടെയും സെഞ്ചുറി കാത്തിരുന്ന ആരാധകരെ ഞെട്ടിച്ച്‌ സ്കോര്‍ 180ല്‍ നില്‍ക്കെ ചേതേശ്വര്‍ പൂജാര മടങ്ങി. 177 പന്തില്‍ ഒന്‍പതു ബൗണ്ടറിയുള്‍പ്പെടെ 83 റണ്‍സെടുത്ത പൂജാരയെ തയ്ജുല്‍ ഇസ്ലാം ക്ലീന്‍ ബൗള്‍ഡാക്കി.
മൂന്നാം വിക്കറ്റില്‍ വിജയിന് കൂട്ടായെത്തിയത് കോഹ്‍ലി. പൂജാര പുറത്തായിട്ടും പതറാതെ മുന്നേറിയ വിജയ്, അധികം വൈകാതെ ഒന്‍പതാം ടെസ്റ്റ് സെഞ്ചുറിയും കുറിച്ചു. സുനില്‍ ഗാവാസ്കര്‍ (33), വീരേന്ദര്‍ സെവാഗ് (22) എന്നിവര്‍ക്കുശേഷം ഓപ്പണറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമാണ് മുരളി. മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (54) പൂര്‍ത്തിയാക്കിയതിനു പിന്നാലെ വിജയ് മടങ്ങി. 160 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 108 റണ്‍സെടുത്ത വിജയിനെ മെഹദി ഹസന്‍ മിറാസാണ് മടക്കിയത്. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോഹ്‍ലി-അജിങ്ക്യ രഹാനെ സഖ്യം കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഒന്നാം ദിനം പൂര്‍ത്തിയാക്കിയതോടെ ഇന്ത്യന്‍ സ്കോര്‍ മൂന്നിന് 324. അതിനിടെ കോഹ്‍ലിക്ക് ടെസ്റ്റിലെ 16-ാം സെ‍ഞ്ചുറിയും സ്വന്തം. 141 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് കോഹ്‍ലിയുടെ ഇന്നിങ്സ്. 60 പന്തുകള്‍ നേരിട്ട രഹാനെ ഏഴു ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 45 റണ്‍സെടുത്തത്.

NO COMMENTS

LEAVE A REPLY