ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റിന്‍റെ അനായാസ ജയം

298

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റിന്റെ അനായാസ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തപ്പോള്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഒയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. 38 പന്ത് നേരിട്ട മോര്‍ഗന്‍, നാലു സിക്സും ഒരു ബൗണ്ടറിയുമുള്‍പ്പെടെ 51 റണ്‍സെടുത്തു. റൂട്ട് 45 പന്തില്‍ 45 റണ്‍സോടെ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി ചാഹല്‍ രണ്ടും റസൂല്‍ ഒരു വിക്കറ്റും വീഴ്ത്തി.
വിജയത്തോടെ, മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. ക്യാപ്റ്റനെന്ന നിലയിലുള്ള കോഹ്‍ലിയുടെ ട്വന്റി20 അരങ്ങേറ്റം തോല്‍വി നിറഞ്ഞതുമായി. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സിന്റെ താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും സാം ബില്ലിങ്സും ചേര്‍ന്ന് നല്‍കിയത് ഉജ്വല തുടക്കം. ആശിഷ് നെഹ്റയെറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രം നേടിയ അവര്‍, യുവതാരം ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ടാം ഓവറില്‍ 20 റണ്‍സ് നേടി ലക്ഷ്യം വ്യക്തമാക്കി. ഈ ഓവറില്‍ പിറന്നത് മൂന്നു ബൗണ്ടറിയും ഒരു സിക്സും. നെഹ്റയെറിഞ്ഞ മൂന്നാം ഓവറില്‍ ഇംഗ്ലണ്ട് ഒരു സിക്സ് ഉള്‍പ്പെടെ 12 റണ്‍സ് കൂടി നേടിയതോടെ സ്പിന്നര്‍ യുശ്വേന്ദ്ര ചാഹലിനെ കോഹ്‍ലി പന്തേല്‍പ്പിച്ചു.
ചാഹലിന്റെ ആദ്യ പന്തുതന്നെ സിക്സിന് പറത്തിയാണ് ജേസണ്‍ റോയി വരവേറ്റത്. എന്നാല്‍, തൊട്ടുപിന്നാലെ സുന്ദരമായൊരു പന്തിലൂടെ റോയിയുടെ കുറ്റി തെറുപ്പിച്ച ചാഹല്‍, അഞ്ചാം പന്തില്‍ സമാനമായൊരു പന്തില്‍ ബില്ലിങ്സിനെയും കൂടാരം കയറ്റി. 20 പന്തു നീണ്ട കൂട്ടുകെട്ടില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് നേടിയത് 42 റണ്‍സ്. ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ കരുതിയെങ്കിലും ക്ഷമാപൂര്‍വം നിലയുറപ്പിച്ച ജോ റൂട്ട്-ഒയിന്‍ മോര്‍ഗന്‍ സഖ്യം മല്‍സരം ഇംഗ്ലണ്ടിന്റെ വരുതിയില്‍ത്തന്നെ നിലനിര്‍ത്തി. 11.3 ഓവര്‍ നീണ്ട കൂട്ടുകെട്ടില്‍ ഇരുവരും സ്വന്തമാക്കിയത് 83 റണ്‍സ്. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ മോര്‍ഗന്‍ അരങ്ങേറ്റ താരം പര്‍വേസ് റസൂലിന് കന്നിവിക്കറ്റ് സമ്മാനിച്ച്‌ മടങ്ങിയെങ്കിലും ബെന്‍ സ്റ്റോക്സിനെ (അ‍ഞ്ചു പന്തില്‍ രണ്ട്) കൂട്ടുപിടിച്ച്‌ റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. 38 പന്തുകള്‍ നേരിട്ട മോര്‍ഗന്‍, ഒരു ബൗണ്ടറിയും നാലു സിക്സുമുള്‍പ്പെടെ 51 റണ്‍സെടുത്തു. റൂട്ട് 45 പന്തില്‍ നാലു ബൗണ്ടറികളോടെ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ, നിശ്ചിത 20 ഓവറും ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 27 പന്തില്‍ 36 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സുരേഷ് റെയ്ന 23 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 34 റണ്‍സെടുത്തു. 26 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിനായി മോയിന്‍ അലി രണ്ടും മില്‍സ്, ജോര്‍ദാന്‍, പ്ലങ്കറ്റ്, സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഓപ്പണര്‍ ലോകേഷ് രാഹുല്‍ (ഒന്‍പതു പന്തില്‍ എട്ട്), യുവരാജ് സിങ് (13 പന്തില്‍ 12), മനീഷ് പാണ്ഡെ (അഞ്ചു പന്തില്‍ മൂന്ന്), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ ഒന്‍പത്) എന്നിവര്‍ നിരാശപ്പെടുത്തി. ഈ മല്‍സരത്തിലൂടെ അരങ്ങേറ്റം കുറിച്ച ജമ്മു കശ്മീര്‍ താരം പര്‍വേസ് റസൂല്‍ ആറു പന്തില്‍ അഞ്ച് റണ്‍സെടുത്ത് റണ്ണൗട്ടായി. അരങ്ങേറ്റ താരം പര്‍വേസ് റസൂലിന് പുറമെ, ഏകദിന ടീമില്‍ ഇല്ലാതിരുന്ന യുശ്വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ആശിഷ് നെഹ്റ, സുരേഷ് റെയ്ന എന്നിവര്‍ക്ക് ഇന്ത്യ ആദ്യ മല്‍സരത്തില്‍ അവസരം നല്‍കി. അവസാന ഏകദിനത്തില്‍ കളിച്ച ടീമില്‍ ഇംഗ്ലണ്ട് നാലു മാറ്റങ്ങള്‍ വരുത്തി ടൈമല്‍ മില്‍സ്, ജോ റൂട്ട്, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ് എന്നിവര്‍ ടീമിലെത്തി.

NO COMMENTS

LEAVE A REPLY