ഇംഗ്ലണ്ടിനു 405 റണ്‍സ് വിജയലക്ഷ്യം

163

വിശാഖപട്ടണം • ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 405 റണ്‍സ് വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സില്‍ 200 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്ങ്സില്‍ 204 റണ്‍സ് കൂടി നേടാനായേ കഴിഞ്ഞുള്ളൂ. രണ്ടാം ഇന്നിങ്സില്‍ വിരാട് കോഹ്‍ലിക്ക് മാത്രമേ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളൂ. കോഹ്‍ലി പുറത്താകാതെ 81 റണ്‍സ് നേടി. രണ്ടാം ഇന്നിങ്സില്‍ 300 റണ്‍സെങ്കിലും നേടുകയായിരുന്നു ഇന്ത്യന്‍ ലക്ഷ്യം. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ടിലിറങ്ങിയ മുരളി വിജയ്‍ക്കും ലോകേഷ് രാഹുലിനും മികച്ച തുടക്കം നല്‍കാനായില്ല. വിജയ് മൂന്നു റണ്‍സുമായും രാഹുല്‍ 10 റണ്‍സുമായും പുറത്തായി. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരെ വെറും ഒരു റണ്‍സെടുത്ത് കളിക്കളം വിട്ടു. വിരാട് കോഹഹ്‍ലിയും അജിങ്ക്യ രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ വിക്കറ്റ് വീഴ്ചയില്‍ നിന്നും കര കയറ്റിയത്. രഹാനെ 26 റണ്‍സ് നേടി. ജയന്ത് യാദവ് 27 റണ്‍സും മുഹമ്മദ് ഷാമി 19 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും ആദില്‍ രാഷിദും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 255 ന് പുറത്താക്കി ഇന്ത്യ 200 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. അശ്വിന്‍ നേടിയ അഞ്ചു വിക്കറ്റുകവാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സില്‍ മികച്ച ലീഡ് നേടിക്കൊടുത്തത്. സ്റ്റില്‍ 22-ാം തവണയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് നേട്ടത്തിനുടമയാകുന്നത്.