വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ചിന് 103

173

വിശാഖപട്ടണം • ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു മേല്‍കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 455 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്ബോള്‍ അഞ്ചിന് 103 എന്ന നിലയിലാണ്. ഇന്ത്യയുടെ സ്കോര്‍ മറികടക്കാന്‍ ഇംഗ്ലണ്ടിന് ഇനി 352 റണ്‍സ് കൂടി വേണം. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (രണ്ട്), ഹസീബ് ഹമീദ് (13), ജോ റൂട്ട് (53), ബെന്‍ ഡെക്കറ്റ് (അഞ്ച്), മോയിന്‍ അലി (ഒന്ന്) എന്നിവരാണ് പുറത്തായ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍. കളിയവസാനിക്കുമ്ബോള്‍ ബെന്‍ സ്റ്റോക്ക് (12), ജോണി ബെയര്‍സ്റ്റോ(12) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കു വേണ്ടി അശ്വന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 455 റണ്‍സില്‍ അവസാനിച്ചിരുന്നു. നാലിന് 317 എന്ന സ്കോറില്‍ രണ്ടാം ദിവസം മല്‍സരത്തിനിറങ്ങിയ ടീം ഇന്ത്യയെ മൂന്നു വിക്കറ്റ് വീഴ്ത്തിയ മൊയീന്‍ അലി എറിഞ്ഞിടുകയായിരുന്നു. സെഞ്ചുറി നേടി മികച്ച ഫോമില്‍ കളിച്ചിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 167 റണ്‍സെടുത്ത കോഹ്‍ലിയെ മൊയീന്‍ അലിയാണ് പുറത്താക്കിയത്. തുടര്‍ന്ന് ഒരേ ഓവറില്‍ തന്നെ വൃദ്ധിമാന്‍ സാഹയേയും (3) രവീന്ദ്ര ജഡേജയേയും (പൂജ്യം) മൊയീന്‍ അലി എല്‍ബിഡബ്ല്യുവില്‍ കുടുക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കി. പിന്നീട് ക്രീസിലെത്തിയ പുതുമുഖം ജയന്ത് യാദവ് 35 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. രവിചന്ദ്ര അശ്വന്‍ 58 റണ്‍സെടുത്ത് പുറത്തായി. മൊയീന്‍ അലിയെ കൂടാതെ ആന്‍ഡേഴ്സനും മൂന്നു വിക്കറ്റ് വീഴ്ത്തി. ആദില്‍ റഷീദ് രണ്ടു വിക്കറ്റും സ്വന്തമാക്കി. ആദ്യ ദിനം തന്നെ ചേതേശ്വര്‍ പൂജാരയും (119) വിരാട് കോഹ്‍ലിയും സെഞ്ചുറി നേടിയിരുന്നു. കോഹ്ലിയുടെ 14-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. പൂജാരയുടെ പത്താമത്തേതും. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണു പൂജാര സെഞ്ചുറി നേടുന്നത്. രണ്ടിന് 22 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ഇന്നിങ്സിനെ മൂന്നാം വിക്കറ്റില്‍ 226 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇവര്‍ ഭദ്രമാക്കി.