രാജ്കോട്ട് ടെസ്റ്റില്‍ പൂജാരയ്ക്കും മുരളിക്കും സെഞ്ചുറി

193

രാജ്കോട്ട്• രാജ്കോട്ട് ടെസ്റ്റില്‍ ‘ട്രിപ്പിള്‍’ സെഞ്ചുറികളുടെ കരുത്തില്‍ കൂറ്റന്‍ സ്കോറുയര്‍ത്തി വെല്ലുവിളിച്ച ഇംഗ്ലണ്ടിന് ‘ഇരട്ട’ സെ‍ഞ്ചുറികളുമായി ഇന്ത്യയുടെ തിരിച്ചടി. ജോ റൂട്ട്, മോയിന്‍ അലി, ബെന്‍ സ്റ്റോക്സ് എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഒന്നാം ഇന്നിങ്സില്‍ 537 റണ്‍സ് കുറിച്ച ഇംഗ്ലണ്ടിനെതിരെ മൂന്നാം ദിനം കളിനിര്‍ത്തുമ്ബോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പൂജാര (124), മുരളി വിജയ് (126) എന്നിവരുടെ സെഞ്ചുറികളാണ് മൂന്നാം ദിനത്തിലെ ഇന്ത്യന്‍ തിരിച്ചടിക്ക് കരുത്തായത്. അതേസമയം, മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കുന്നതിനു തൊട്ടുമുന്‍പ് മുരളി വിജയ്, അമിത് മിശ്ര എന്നിവര്‍ പുറത്തായത് ഇന്ത്യന്‍ തിരിച്ചടിയുടെ കരുത്ത് ചോര്‍ത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി 26 റണ്‍സോടെ ക്രീസിലുണ്ട്.

നേരത്തെ, ഓപ്പണര്‍ ഗൗതം ഗംഭീര്‍ പുറത്താകുന്നത് കണ്ടുകൊണ്ടാണ് മൂന്നാം ദിനം ഇന്ത്യന്‍ ഇന്നിങ്സിന് തുടക്കമായത്. 28 റണ്‍സുമായി മൂന്നാം ദിനം കളി തുടങ്ങിയ ഗംഭീര്‍, ഒരു റണ്ണുകൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി. സ്റ്റ്യുവാര്‍ട്ട് ബ്രോഡിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയായിരുന്നു ഗംഭീറിന്റെ പുറത്താകല്‍. എന്നാല്‍, രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പൂജാര-വിജയ് സഖ്യം അനായാസം മുന്നേറിയതോടെ ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചുവന്നു. ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (209) തീര്‍ത്ത ഇരുവരും ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടു. തുടക്കം മുതലേ കൂടുതല്‍ ആക്രമണോത്സുകത പ്രകടിപ്പിച്ച ചേതേശ്വര്‍ പൂജാരയാണ് ആദ്യം സെഞ്ചുറി തികച്ചത്. പൂജാരയുടെ ഒന്‍പതാം ടെസ്റ്റ് സെ‍ഞ്ചുറിയാണിത്. അതില്‍ മൂന്നും ഇംഗ്ലണ്ടിനെതിരെയാണെന്ന പ്രത്യേകതയുമുണ്ട്.
16 ഇന്നിങ്സുകള്‍ നീണ്ട സെഞ്ചുറി വരള്‍ച്ചയ്ക്ക് അറുതിവരുത്തി തൊട്ടുപിന്നാലെ മുരളി വിജയും സെഞ്ചുറി കുറിച്ചു. വിജയിന്റെ ഏഴാം ടെസ്റ്റ് സെ‍ഞ്ചുറിയാണിത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കൂട്ടുകെട്ടാണ് ഇരുവരുടേതും. 32 മല്‍സരങ്ങളില്‍നിന്ന് 2081 റണ്‍സ്! അതും 65.03 റണ്‍സ് ശരാശരിയില്‍. ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 277ല്‍ നില്‍ക്കെ പൂജാരയെ വീഴ്ത്തി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. 206 പന്തില്‍ 17 ബൗണ്ടറികള്‍ ഉള്‍പ്പടെ 124 റണ്‍സെടുത്ത പൂജാരയെ സ്റ്റോക്സ് കുക്കിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ കോഹ്‍ലിയും വിജയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയെങ്കിലും സ്കോര്‍ 318ല്‍ നില്‍ക്കെ വിജയും പുറത്തായി. 301 പന്തില്‍ ഒന്‍പത് ബൗണ്ടറിയും നാലു സിക്സുമുള്‍പ്പെടെ 126 റണ്‍സെടുത്ത വിജയിനെ ആദില്‍ റഷീദ്, ഹമീദിന്റെ കൈകളിലെത്തിച്ചു. നൈറ്റ്വാച്ച്‌മാനായി അമിത് മിശ്രയെ പരീക്ഷിച്ച കോഹ്‍ലിയുടെ നീക്കം രണ്ടു പന്തുകള്‍ക്കുള്ളില്‍ പാളിയതോടെ നാലു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസത്തെ കളിക്ക് തിരശീല വീണു. നാളെ കോഹ്‍ലി-രഹാനെ സഖ്യമാകും ഇന്ത്യന്‍ ഇന്നിങ്സ് പുനഃരാരംഭിക്കുക.

NO COMMENTS

LEAVE A REPLY