ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍

179

രാജ്കോട്ട്• ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ആദ്യ ദിനത്തില്‍ സെഞ്ചുറി കണ്ടെത്തിയ ജോ റൂട്ടിന് പിന്നാലെ മോയിന്‍ അലി, ബെന്‍ സ്റ്റോക്സ് എന്നിവരും സെഞ്ചുറി തികച്ചതോടെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത് 537 റണ്‍സ്. 1985ന് ശേഷം ഇന്ത്യയില്‍ ഇംഗ്ലണ്ട് ടീം കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 2009ന് ശേഷം ഇതാദ്യമായാണ് സന്ദര്‍ശക ടീമിലെ മൂന്ന് താരങ്ങള്‍ ഇന്ത്യയ്ക്കെതിരെ ഒരേ ഇന്നിങ്സില്‍ സെഞ്ചുറി നേടുന്നത്. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുമ്ബോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 63 റണ്‍സ് എന്ന നിലയിലാണ്. മുരളി വിജയ് 25 റണ്‍സോടെയും ഗൗതം ഗംഭീര്‍ 28 റണ്‍സോടെയും ക്രീസിലുണ്ട്.

തലേന്നത്തെ സ്കോറായ നാലു വിക്കറ്റിന് 311 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി മൊയിന്‍ അലി തുടക്കത്തില്‍ തന്നെ സെഞ്ചുറി തികച്ചു. തലേന്ന് 99 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്ന അലി, രണ്ടാം ദിനത്തിലെ ആദ്യ ഓവറില്‍ത്തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കി. അലിയുടെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. അഞ്ചാം വിക്കറ്റില്‍ മോയിന്‍ അലി-ബെന്‍ സ്റ്റോക്സ് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും (62) കണ്ടെത്തി. 213 പന്തില്‍ 13 ബൗണ്ടറികളുള്‍പ്പെടെ 117 റണ്‍െസടുത്ത അലിയെ മടക്കി മുഹമ്മദ് ഷാമി ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാല്‍, അക്ഷോഭ്യനായി നിലയുറപ്പിച്ച സ്റ്റോക്സിനൊപ്പം ബെയര്‍സ്റ്റോ ചേര്‍ന്നതോടെ ഇംഗ്ലണ്ട് വീണ്ടും കളം പിടിച്ചു. ആറാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും ഇംഗ്ലണ്ട് സ്കോര്‍ 440 കടത്തി. അതിനിടെ ബെന്‍ സ്റ്റോക്സും ടെസ്റ്റിലെ നാലാം സെഞ്ചുറി തികച്ചു.
അര്‍ധസെഞ്ചുറിക്ക് നാലു റണ്‍സകലെ ബെയര്‍സ്റ്റോയേയും മടക്കി ഷാമി വീണ്ടും ഇന്ത്യയുടെ രക്ഷകനായി. തൊട്ടുപിന്നാലെ ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവര്‍ കാര്യമായ സംഭവാവന കൂടാതെ മടങ്ങി. നാലു റണ്‍സെടുത്ത വോക്സിനെയും അഞ്ചു റണ്‍സെടുത്ത റഷീദിനെയും ജഡേജ തന്നെ പുറത്താക്കി. തുടര്‍ന്നെത്തിയ സഫര്‍ അന്‍സാരിയെ കൂട്ടുപിടിച്ച്‌ സ്റ്റോക്സ് ഇംഗ്ലണ്ട് സ്കോര്‍ 500 കടത്തി. സ്കോര്‍ 517ല്‍ എത്തിയപ്പോള്‍ സ്റ്റോക്സും 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് അന്‍സാരിയും മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശീല വീണു. 235 പന്തില്‍ 13 ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോക്സിന്റെ ഇന്നിങ്സ്. അന്‍സാരി 83 പന്തില്‍ മൂന്നു ബൗണ്ടറിയുള്‍പ്പെടെ 32 റണ്‍സെടുത്തു. സ്റ്റ്യുവാര്‍ട്ട് ബ്രോഡ് ആറു റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ജഡേജ മൂന്നും ഷാമി, യാദവ്, അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ഗംഭീറും മുരളി വിജയും വിക്കറ്റ് കളയാതെ പിടിച്ചുനിന്നതോടെ രണ്ടാം ദിനത്തിന് സമാപനം. പിരിയാത്ത ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞു.