ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; ഒന്നാം ദിനം ഒന്‍പതിന് 291

245

കാന്‍പൂര്‍ • അഞ്ഞൂറാം ടെസ്റ്റ് മല്‍സരമെന്ന പ്രത്യേകതയുമായി ന്യൂസീലന്‍ഡിനെ നേരിടാനിറങ്ങിയ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച. കിവീസ് ബോളര്‍മാരൊക്കിയ സ്പിന്‍ കെണിയില്‍ വീണ ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്ബോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ (16), ഉമേഷ് യാദവ് (8) എന്നിവരാണ് കളി നിര്‍ത്തുമ്ബോള്‍ ക്രീസില്‍.അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ മുരളി വിജയ് (65), ചേതേശ്വര്‍ പൂജാര (62) എന്നിവരാണ് ഇന്ത്യന്‍ സ്കോര്‍ 290 കടത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 112 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായി. കിവീസിനായി മിച്ചല്‍ സാന്റ്നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേത്. ഓപ്പണര്‍മാരായ മുരളി വിജയും ലോകേഷ് രാഹുല്‍ ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 42 റണ്‍സ്. എന്നാല്‍, വ്യക്തിഗത സ്കോര്‍ 32ല്‍ നില്‍ക്കെ ലോകേഷ് രാഹുല്‍ മിച്ചല്‍ സാന്റ്നറിന് മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായിത്തീര്‍ന്ന കൂട്ടുകെട്ടിന് അരങ്ങൊരുങ്ങി. തികഞ്ഞ ടെസ്റ്റ് താരങ്ങളുടെ പക്വതയോടെ ബാറ്റേന്തിയ മുരളി വിജയും ചേതേശ്വര്‍ പൂജാരയും ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ടു നയിച്ചു.
65 റണ്‍സെടുത്ത മുരളി വിജയും 62 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 112 റണ്‍സ്. എട്ടു വീതം ബൗണ്ടറികളുള്‍പ്പെടുന്നതായിരുന്നു ഇരുവരുടെയും ഇന്നിങ്സ്. സ്കോര്‍ 154ല്‍ നില്‍ക്കെ പൂജാരയെ സാന്റ്നര്‍ മടക്കി. തുടര്‍ന്നെത്തിയത് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. 10 പന്തില്‍ രണ്ടു ബൗണ്ടറികളുള്‍പ്പെടെ ഒന്‍പത് റണ്‍സെടുത്ത കോഹ്‍ലിയെ വാഗ്നര്‍ മടക്കി. അപ്പോള്‍ സ്കോര്‍ 167. സ്കോര്‍ 185ല്‍ നില്‍ക്കെ ഇഷ് സോധിയുടെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച്‌ നല്‍കി വിജയും കൂടാരം കയറി. സ്കോര്‍ 209ല്‍ നില്‍ക്കെ 18 റണ്‍സുമായി അജിങ്ക്യ രഹാനെയും മടങ്ങിയതോടെ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി.
പിന്നീട് ഇന്ത്യന്‍ ഇന്നിങ്സിലെ മികച്ച രണ്ടാമത്തെ കൂട്ടുകെട്ട്. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ആര്‍.അശ്വിന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ചേര്‍ന്നതോടെ ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലായി. ആറാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെ രോഹിത് ശര്‍മ മടങ്ങി. 35 റണ്‍സെടുത്ത ശര്‍മയെ സാന്റ്നര്‍ ഇഷ് സോധിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ വൃദ്ധിമാന്‍ സാഹ സംപൂജ്യനായതോടെ ഇന്ത്യന്‍ സ്കോര്‍ ഏഴിന് 262. സ്കോര്‍ 273ല്‍ എത്തിയപ്പോള്‍ അശ്വിനും വീണു. 76 പന്തില്‍ ഏഴു ബൗണ്ടറികളോടെ 40 റണ്‍സായിരുന്നു അശ്വിന്റെ സമ്ബാദ്യം. മുഹമ്മദ് ഷാമിയും പൂജ്യത്തിന് പുറത്തായെങ്കിലും രവീന്ദ്ര ജഡേജ-ഉമേഷ് യാദവ് സഖ്യം പിടിച്ചുനിന്നതോടെ ഇന്ത്യ ആദ്യദിനം ഓള്‍ഔട്ടാകാതെ പൂര്‍ത്തിയാക്കി.
നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് ബാറ്റ്സ്മാന്‍മാരും രണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരുമടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. ശിഖര്‍ ധവാനും അമിത് മിശ്രയ്ക്കും പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. ന്യൂസീലന്‍ഡ് മൂന്ന് സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തി. കാന്‍പൂരിലെ പിച്ച്‌ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. ചരിത്ര ടെസ്റ്റിനു സാക്ഷികളാകാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കം ഇന്ത്യയുടെ മുന്‍കാല ക്യാപ്റ്റന്മാരെയെല്ലാം ബിസിസിഐ ക്ഷണിച്ചിരുന്നു. മല്‍സരത്തിനു മുന്നോടിയായി ഇവരെ പ്രത്യേകം ആദരിച്ചു.

NO COMMENTS

LEAVE A REPLY