വ്യാജ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ തട്ടിപ്പ്‌ നടത്തിയ കേസിലെ പ്രതികളെ പൊലീസ് കാസര്‍ഗോഡ് എത്തിച്ച് തെളിവെടുത്തു

181

കാസര്‍കോട്: വ്യാജ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ തട്ടിപ്പ്‌ നടത്തിയ കേസിലെ പ്രതികളെ പൊലീസ് കാസര്‍ഗോഡ് എത്തിച്ച് തെളിവെടുത്തു. പൂനയില്‍ പിടിയിലായ മുഖ്യപ്രതി ന്യൂമാൻ ഉള്‍പ്പെടെയുള്ള ആറുപേരെയാണ് കാസര്‍കോട്ടെത്തിച്ച്‌ തെളിവെടുത്തത്.
കാസര്‍കോട്‌ തളങ്കര സ്വദേശിയും മുഖ്യപ്രതിയുമായ നൂര്‍മുഹമ്മദ്‌ എന്ന ന്യൂമാന് പുറമേ കൂട്ടാളികളായ അജ്‌മല്‍ ഇബ്രാഹിം, മുഹമ്മദ്‌ സാബിദ്, ഹംസ, വിദ്യാനഗര്‍ സ്വദേശി ഇ ബഷീര്‍ മംഗളൂരു സ്വദേശി ഇര്‍ഫാന്‍ ഇബ്രാഹിം എന്നിവരെയാണ് കാസര്‍കോട്ട്‌ തെളിവെടുപ്പിന്‌ എത്തിച്ചത്. ന്യൂമാന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ പൂനയില്‍ വെച്ചാണ്‌ പിടികൂടിയത്‌. ഇവിടെ നിന്നും കസ്റ്റഡിയില്‍ വാങ്ങിയാണ്‌ പ്രതികളെ എറണാകുളം പൊലീസ്‌ കാസര്‍കോട്ടെത്തിച്ചത്‌.
വ്യാജക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ എറണാകുളത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി തട്ടിപ്പ്‌ നടത്തുകയായിരുന്നു പ്രതികള്‍. മുഹമ്മദ്‌ സാബിദിനെയാണ്‌ ആദ്യം എറണാകുളത്ത് പൊലീസ്‌ പിടികൂടിയത്‌. സാബിദില്‍ നിന്നും ലഭിച്ച വിവരങ്ങളാണ്‌ മറ്റ്‌ പ്രതികളെ പിടികൂടാന്‍ സഹായകമായത്‌. അന്വേഷണത്തില്‍ വ്യാജക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് സമാനതട്ടിപ്പുകള്‍ സംഘം കാസര്‍ഗോട്ടും നടത്തിയതായി തെളിഞ്ഞിരുന്നു.
പെട്രോള്‍ പമ്പുകളിലും പ്രമുഖ വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തട്ടിപ്പ് നടത്തിയത്. തട്ടിപ്പ്‌ സംഘത്തിലെ പ്രധാനി ന്യൂമാനായിരുന്നു. ന്യൂമാനും മറ്റ്‌ രണ്ട്‌ പ്രതികളും ഗോവയിലെത്തി മഹാരാഷ്‌ട്രവഴി നേപ്പാളിലേക്ക്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ പൂനയില്‍ പൊലീസിന്‍റെ പിടിയിലായത്‌. വ്യാജ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ രണ്ടു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ്‌ പ്രതികള്‍ക്കെതിരെയുള്ള കേസ്‌

NO COMMENTS

LEAVE A REPLY