വധശിക്ഷയ്ക്കെതിരായ സി.പി.എമ്മിന്‍റെ നിലപാടിനെതിരേ കോണ്‍ഗ്രസും ബി.ജെ.പിയും

339

കോട്ടയം: വധശിക്ഷയ്ക്കെതിരായ സി.പി.എമ്മിന്‍റെ നിലപാടിനെതിരേ കോണ്‍ഗ്രസും ബി.ജെ.പിയും. വധശിക്ഷ ഒഴിവാക്കണമെന്ന നിലപാട് സ്വീകരിക്കുന്ന സി.പി.എം. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് പറയാന്‍ തയാറാകണമെന്നാണ് കോണ്‍ഗ്രസിന്‍റെയും ബി.ജെ.പി.യുടെയും നിലപാട്.ഈ വിഷയം ഉന്നയിച്ച്‌ പ്രചരണം നടത്താനും ഇരു പാര്‍ട്ടികളുടെയും നേതൃത്വം തീരുമാനിച്ചു.സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടി ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് സി.പി.എം. വധശിക്ഷ നടപ്പാക്കുന്നതിനെതിരേ രംഗത്ത് വന്നിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. സൗമ്യവധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ മിണ്ടാതിരുന്ന സി.പി.എം.കേസ് നടത്തിപ്പില്‍ വീഴ്ച ഉണ്ടായപ്പോള്‍ വധശിക്ഷയ്ക്കെതിരേ രംഗത്ത് വരികയായിരുന്നുവെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചത്. നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി അത്യപൂര്‍വമായ കൊലപാതക കേസുകളില്‍ പോലും കോടതി വധശിക്ഷ നടപ്പാക്കാന്‍ പാടില്ല എന്ന സി.പി.എം.നേതൃത്വത്തിന്‍റെ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ ഒരു സാഹചര്യത്തിലും ഒരാളെയും കൊല ചെയ്യാന്‍ തയറാകില്ലെന്ന് സി.പി.എം. പ്രഖ്യാപിക്കുകയാണെന്ന് വേണ്ടതെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് മംഗളത്തോട് പറഞ്ഞു.പാടത്ത് പണിയെങ്കില്‍ വരന്പത്ത് കൂലിയെന്ന് പറഞ്ഞ് അക്രമണത്തിനും കൊലപാതകത്തിനും സ്വന്തം അണികളെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എം.നേതൃത്വം വധശിക്ഷ പാടില്ല എന്ന് പറയുന്നത് തികഞ്ഞ കാപട്യമാണെന്നും അദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി കോടതി വഴി വധശിക്ഷ നടപ്പാക്കുന്ന സംവിധാനമുളള സി.പി.എം. കോടതിയുടെ വധശിക്ഷയെ തളളിപ്പറയുന്നത് കേരളീയ സമൂഹം അവഞ്ജയോടെ മാത്രമേ കാണൂ എന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്‍ മംഗളത്തോട് പറഞ്ഞു. കേരളത്തില്‍ ആദ്യ രാഷ്ട്രീയ കൊലപാതകം നടത്തിയത് സി.പി.എമ്മാണെന്ന് നേതാക്കള്‍ മന:പൂര്‍വം വിസ്മരിക്കുകയാണെന്നും അദേഹം പറഞ്ഞു.സൗമ്യയുടെ മാതാവിനെ രംഗത്തിറക്കി സി.പി.എമ്മിന്‍റെ വധശിക്ഷയ്ക്കെതിരായ നിലപാടിനെ തളളിപ്പറയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം.ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ ഉണ്ടായ വ്യാപകമായ പ്രതിഷേധം സി.പി.എമ്മിനെതിരേ തിരിച്ചുവിടുന്നതിന്‍റെ ഭാഗമായാണു ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്‍റേയും നീക്കം.

NO COMMENTS

LEAVE A REPLY