കോവിഡ് വാക്‌സിൻ കുത്തിവയ്പ്പ് ജനുവരി 16 മുതൽ; ജില്ലയിൽ 11 കേന്ദ്രങ്ങൾ

12

തിരുവനന്തപുരം : കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിന് ജില്ലയിൽ ഇന്നു (ജനുവരി 16) തുടക്കം. ജില്ലയിലെ 11 കേന്ദ്രങ്ങളിലാണു കുത്തിവയ്പ്പ് നടക്കുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിങ് അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. പാറശാല താലൂക്ക് ആശുപത്രിയിയിൽ ടൂ വേ കമ്യൂണിക്കേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ല ആയുർവേദ ആശുപത്രി വർക്കല, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയാണു ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിങ്ങനെ മൂന്നു മുറികളാണുണ്ടാകുക. വാക്സിനേഷനായി അഞ്ചു വാക്സിനേഷൻ ഓഫിസർമാർ ഉണ്ടാകും. വാക്സിൻ എടുക്കാൻ വെയിറ്റിങ് റൂമിൽ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥൻ ഐഡന്റിറ്റി കാർഡ് വെരിഫിക്കേഷൻ നടത്തും.

പൊലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫെൻസ്, എൻ.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥൻ കോ വിൻ ആപ്ലിക്കേഷൻ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്മെന്റ്, ഒബ്സർവേഷൻ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥർ നിർവഹിക്കുന്നതാണ്. വാക്സിനേറ്റർ ഓഫിസറാണ് വാക്സിൻ നൽകുന്നത്.

നൽകുന്നത് 0.5 എം.എൽ. കോവീഷീൽഡ് വാക്സിൻ

ഓരോ ആൾക്കും 0.5 എം.എൽ. കോവീഷീൽഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നൽകുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാൽ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നൽകുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

*ഒരാൾക്ക് 4 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ*

ആദ്യ ദിവസം ഒരു കേന്ദ്രത്തിൽ നിന്നും 100 പേർക്കാണ് വാക്സിൻ നൽകുന്നത്. രാവിലെ 9 മണി മുതൽ 5 മണിവരെയാണ് വാക്സിൻ നൽകുക. ലോഞ്ചിംഗ് ദിവസം ഉദ്ഘാടനം മുതലാണ് വാക്സിൻ തുടങ്ങുക. രജിസ്റ്റർ ചെയ്ത ആളിന് എവിടെയാണ് വാക്സിൻ എടുക്കാൻ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവർ വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്. വാക്സിൻ നൽകാൻ ഒരാൾക്ക് 4 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ സമയമെടുക്കും.

*ഒബ്സർവേഷൻ നിർബന്ധം*

വാക്സിൻ എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും ഒബ്സർവേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥൻ ബോധവത്ക്കരണം നൽകും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിർബന്ധമാക്കുന്നത്.

വാക്‌സിനേഷനായി ജില്ലാ തലത്തിൽ ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന ജില്ലാ ടാക്സ് ഫോഴ്സ്, ജില്ലാ കൺട്രോൾ റൂം, ബ്ലോക്ക് തലത്തിൽ മെഡിക്കൽ ഓഫിസർ നേതൃത്വം നൽകുന്ന ബ്ലോക്ക് ടാക്സ് ഫോഴ്സ്, ബ്ലോക്ക് കൺട്രോൾ റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

NO COMMENTS