ഹൈക്കോടതി ജഡ്ജി നിയമന വിഷയത്തില്‍ കൊളീജിയം നല്‍കിയ പട്ടികയില്‍ 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി

182

ന്യൂഡല്‍ഹി • ഹൈക്കോടതി ജഡ്ജി നിയമന വിഷയത്തില്‍ കൊളീജിയം നല്‍കിയ പട്ടികയില്‍ 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. 77 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചിരുന്നത്. 34 പേരുകള്‍ അംഗീകരിച്ചു. ചീഫ് ജസ്റ്റ്സ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ സമിതിയാണ് ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാരിന് അയച്ചത്. ജഡ്ജി നിയമനം വൈകുന്നത് കോടതികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന ചീഫ് ജസ്റ്റിസിന്‍റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിനിടെയാണു കേന്ദ്രസര്‍ക്കാരിന്‍റെ നടപടി. ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ച പട്ടികയില്‍ 43 പേരുകള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണു കേന്ദ്രനിയമ മന്ത്രാലയം തിരിച്ചയച്ചത്.

പേരുകള്‍ തള്ളിയതിനു കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ കരടു റിപ്പോര്‍ട്ട് കൊളീജിയത്തിനു നല്‍കിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി സുപ്രീംകോടതിയെ അറിയിച്ചു.
കൊളീജിയത്തിന്‍റെ ശുപാര്‍ശകളില്‍ നടപടിയെടുക്കാത്തതിനു നേരത്തെ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിയമനം വൈകിയാല്‍ കോടതികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ജഡ്ജിമാരുടെ നിയമനം വൈകുന്നതുമൂലമുള്ള പ്രതിസന്ധിക്കിടെയാണ് കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരിക്കുന്നത്. 24 ഹൈക്കോടതികളിലായി 450 ജഡ്ജിമാരുടെ ഒഴിവുണ്ട്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ഒരു ഫയലും കേന്ദ്രസര്‍ക്കാരിന്‍റെ പക്കല്‍ ഇല്ലെന്ന് എജി അറിയിച്ചു. ഈ മാസം 15ന് സുപ്രീംകോടതി കൊളീജിയം യോഗം ചേര്‍ന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിലയിരുത്തും. തുടര്‍ന്ന് ഈ മാസം പതിനെട്ടിനു കേസ് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.