ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോർജ്

18

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണർമാർ മുതലുള്ള ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവുമധികം ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പുറത്ത് പോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. അതിനാൽ ഭക്ഷ്യ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കണം.

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ജില്ലായടിസ്ഥാനത്തിൽ പെർഫോമൻസ് ഓഡിറ്റ് ചെയ്യും. മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ജില്ലകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തും. എല്ലാ ജില്ലകളുടേയും പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ വിലയിരുത്തും. ജില്ലാതല അവലോകനവും സർക്കിൾതല അവലോകനവും നടത്തണം. പരിശോധനകളുടെ തുടർനടപടികൾ സംസ്ഥാനതലത്തിൽ അവലോകനം ചെയ്യും. പ്രോസിക്യൂഷൻ നടപടികൾ വേഗത്തിലാക്കണം. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൃത്യമായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം.

ചെക്ക്പോസ്റ്റുകളിലെ പരിശോധനകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹന സൗകര്യമുൾപ്പെടെയുള്ള പിന്തുണ നൽകും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ആരാധനാലയങ്ങളിലും എഫ്എസ്എസ്എ പ്രകാരം ഭോഗ് (BHOG) പദ്ധതി നടപ്പിലാക്കും. ഫോസ്റ്റാക് പരിശീലനം കാര്യക്ഷമമാക്കാൻ മന്ത്രി നിർദേശം നൽകി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ഫീൽഡിൽ നേരിടുന്ന പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ദീർഘകാല അവധി എടുത്ത് പോകാൻ പാടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിലുണ്ട്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ 64,692 പരിശോധനകൾ നടത്തി. 7414 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 5259 സ്ഥാപനങ്ങളിൽ നിന്നായി 1.83 കോടി രൂപ പിഴ ഈടാക്കി. 20,226 സർവയലൻസ് സാമ്പിളും 6389 സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. മൊബൈൽ ലാബ് വഴി 25,437 പരിശോധനകൾ നടത്തി. പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു വരുന്നു.

1,85,448 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും 35,992 സ്ഥാപനങ്ങൾക്ക് ലൈസൻസും നൽകിയിട്ടുണ്ട്. 97,77 പരാതികൾ ലഭിച്ചതിൽ 9615 പരാതികളും തീർപ്പാക്കി. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചു വരുന്നു. 955 സ്ഥാപനങ്ങൾക്ക് ഹൈജീൻ റേറ്റിംഗ് നൽകിയിട്ടുണ്ട്. 159 സ്ഥാപനങ്ങൾക്ക് ഹൈജീൻ റേറ്റിംഗ് നൽകിയ കൊല്ലം ജില്ലയാണ് മുന്നിൽ. 396 ഭക്ഷ്യ സുരക്ഷാ പരിശീലന പരിപാടികൾ നടത്തി. 17 ആരാധനാലയങ്ങളിൽ ഭോഗ് സർട്ടിഫിക്കേഷനായി ഫൈനൽ ഓഡിറ്റ് നടത്തി. 196 സന്നദ്ധ സംഘടനകൾ സേഫ്ഫുഡ് ഷെയർഫുഡ് പദ്ധതിയിൽ അംഗങ്ങളായി. 476 സ്‌കൂളുകൾ സേഫ് ആന്റ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂളിൽ അംഗങ്ങളായി. 85 മാതൃകാ ഭക്ഷ്യ സുരക്ഷാ പഞ്ചായത്തുകളായി. 19 കാമ്പസുകൾ ഈറ്റ് റൈറ്റ് കാമ്പസുകളായിട്ടുണ്ട്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഫുഡ് സേഫ്റ്റി കമ്മീഷണർ വീണാ മാധവൻ, ഡെപ്യൂട്ടി കമ്മീഷണർമാർ, ഡെപ്യൂട്ടി ഡയറക്ടർ (പി.എഫ്.എ), ചീഫ് ഗവ. അനലിസ്റ്റ്, എല്ലാ ജില്ലകളിലേയും അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY