നോട്ട് അസാധുവാക്കല്‍ : സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെതിരെ നിയമ നടപടിക്ക്

174

തിരുവനന്തപുരം : നോട്ടുകള്‍ അസാധുവാക്കിയതോടെ പ്രതിസന്ധയിലായ സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു. റിസര്‍വ് ബാങ്കിനെതിരെ സഹകരണ ബാങ്കുകള്‍ അടുത്ത ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. പണ ലഭ്യത ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ബാങ്കുകള്‍ അടക്കേണ്ടി വരും. പണമില്ലാത്തതിനാല്‍ ഇടപാടുകള്‍ നടക്കുന്നില്ലെന്നും. ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നല്‍കുന്ന പരിഗണന കിട്ടണമെന്നും ഹര്‍ജിയില്‍ പറയുന്നു.

നിലവില്‍ ഇടപാടുകാര്‍ക്ക് മടക്കി നല്‍കാന്‍ പണമില്ലാത്തതിനാല്‍ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ കടുത്ത പ്രതിസന്ധയിലാണ്. ഇടപാടുകാര്‍ക്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ തടസ്സമില്ലെങ്കിലും പഴയ നോട്ടുകള്‍ക്ക് പകരം പുതിയത് നല്‍കാന്‍ കഴിയില്ല. പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ ജില്ലാ ബാങ്കുകളും തയ്യാറാകാത്തത് പ്രതിസന്ധിക്ക് രൂക്ഷമാക്കുന്നുണ്ട്. മാറ്റിയെടുക്കാനായി റിസര്‍വ് ബാങ്കിന് കൈമാറുന്ന തുക പൂര്‍ണ്ണമായും തിരിച്ച ലഭിക്കാത്തതാണ് ജില്ലാ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതെന്നാണ് പറയുന്നത്. മാത്രമല്ല സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നത് പോലെ നിക്ഷേപമായി മറ്റു ബാങ്കുകളിലുള്ള തുകയില്‍ നിന്നും ദിവസം പതിനായിരവും ആഴ്ചയില്‍ ഇരുപതിനായിരവും മാത്രമെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ലഭിക്കുന്നുള്ളൂ. പഴയ 500,1000 രൂപ നോട്ടുകള്‍ വിനിമയം ചെയ്യാനുള്ള അനുവാദം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് സഹകരണ മന്ത്രി എസി.മൊയ്തീന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കത്തയച്ചിരുന്നെങ്കിലും അനുകൂലമായിട്ടുള്ള ഒരു മറുപടിയും ലഭ്യമായിട്ടില്ല. ഇതിനിടെ സഹകരണ ബാങ്കുകളുടെ കളക്ഷന്‍ ഏജന്റുമാര്‍ കഴിഞ്ഞ എട്ടാം തിയതി വരെ പരിച്ചെടുത്ത തുക ഇടപാടുകാര്‍ക്ക് തിരികെ നല്‍കാന്‍ സഹകരണ രജിസ്ട്രാര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY