സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക്

227

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ) പദ്ധതി പ്രകാരം സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക്. ഇതിനായുള്ള വിജ്ഞാപനം പുതുക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലാണ് സഹകരണ ബാങ്കുകളെ വിലക്കിയിട്ടുള്ളത്. നേരത്തെ ഗരീബി കല്യാണ്‍ യോജന വഴി ഏതെങ്കിലും ബാങ്ക്, സഹകരണ ബാങ്ക്, ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി പണം നിക്ഷേപിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. സഹകരണ ബാങ്കുകള്‍ ഒഴിച്ച്‌ 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്‌ട് അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഏത് ബാങ്കിനും പിഎംജികെവൈ പ്രകാരം നിക്ഷേപം സ്വീകരിക്കാമെന്നാണ് ഇന്നത്തെ വിജ്ഞാപനത്തില്‍ പറയുന്നത്. സഹകരണ ബാങ്കുകള്‍ വഴി അനധികൃതമായി കള്ളപ്പണം വെളുപ്പിക്കുന്നു എന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
കള്ളപ്പണം വെളിപ്പെടുത്താന്‍ അവസാന അവസരമെന്ന നിലയില്‍ നവംബര്‍ അവസാനമാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന സര്‍ക്കാര്‍ അവതരിപ്പിച്ചത്. മാര്‍ച്ച്‌ 31 വരെയാണ് ഇതിന്റെ കാലാവധി.

നികുതിയും പിഴയും അധികനികുതിയുമടക്കം 50 ശതമാനം നല്‍കി നിക്ഷേപിച്ചാല്‍ മറ്റുനടപടികളില്‍നിന്ന് ഒഴിവാകാമെന്നതാണ് ഈ പദ്ധതി. . (30 ശതമാനം നികുതി+ 10 ശതമാനം പിഴ+ 30 ശതമാനം നികുതിയുടെ 33 ശതമാനം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ സെസ്സ്)
ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കുന്ന കള്ളപ്പണത്തിന്റെ 25 ശതമാനം ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീം-2016 എന്ന പദ്ധതിയില്‍ നിക്ഷേപിക്കണം. ഇത് നാലുവര്‍ഷം കഴിഞ്ഞുമാത്രമേ പിന്‍വലിക്കാനാവുകയുള്ളൂ. പലിശ ലഭിക്കില്ല. ഈ പണം പാവപ്പെട്ടവരുടെ ക്ഷേമത്തിന് വിനിയോഗിക്കും. കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും അധികൃതര്‍ കണ്ടെത്തുകയുംചെയ്താല്‍ നികുതിയും പിഴയും അധികപിഴയുമായി 85 ശതമാനംവരെ നല്‍കേണ്ടിവരും. (60 ശതമാനം നികുതി+ ഈ നികുതിയുടെ 25 ശതമാനം (15 ശതമാനം തുക) അധികനികുതി. കൂടാതെ, 10 ശതമാനം അഡീഷണല്‍ പിഴകൂടി ഇവരുടെ മേല്‍ ചുമത്തണമെന്ന്, കണക്കു പരിശോധിക്കുന്ന ഉദ്യോഗസ്ഥന് തോന്നുകയാണെങ്കില്‍ അതും).

NO COMMENTS

LEAVE A REPLY