101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

20

കാസര്‍കോട് : അന്തിയുറങ്ങാന്‍ വീടെന്ന സ്വപ്നവുമായി ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് ആശ്വാസം നല്‍കുന്ന ലൈഫ് മിഷനിലൂടെ അടുത്തവര്‍ഷം 101 ഭവന സമുച്ചയങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ ജില്ലകളിലായി ഉയര്‍ന്നു വരുന്ന 29 ലൈഫ് മിഷന്‍ ഭവനസമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1285 കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്നമാണ് ഈ നിര്‍മാണോദ്ഘാടനത്തിലൂടെ പൂവണിയുന്നത്.

കാസര്‍കോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്ത് മുതല്‍ തിരുവനന്തപുരത്തെ മടവൂര്‍ വരെ 181.22 കോടി ചെലവില്‍ നിര്‍മിക്കുന്ന ഈ ഭവനസമുച്ചയങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. അശരണരായ ജനങ്ങളുടെ ഉന്നമനവും സംരക്ഷണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലൈഫ് പദ്ധതിയിലൂടെ ഇതു വരെ 2,26,518 കുടുംബങ്ങളാണ് സ്വന്തം വീടിലേക്ക് താമസം മാറ്റിയത്. 1.5 ലക്ഷം പേര്‍ക്കുള്ള ഭവനനിര്‍മാണം പുരോഗമി ക്കുന്നുണ്ട്. ഒന്നാംഘട്ടത്തില്‍ 676 കോടി രൂപ ചെലവഴിച്ച് 52,307 വീട് പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തില്‍ 81,840 ഗുണഭോക്താക്കള്‍ക്ക്‌വീട് ലഭിച്ചു.

പിഎംഎവൈ റൂറലില്‍ 16,996 വീടുകളും പിഎംഎവൈ അര്‍ബനില്‍ 48,445 വീടുകളും ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഫലം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ലൈഫ് മിഷനുമായി സംയോജിപ്പിച്ചത്. ലൈഫ് പദ്ധതിയിലൂടെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കും വീട് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. കെയര്‍ഹോം പദ്ധതിയിലൂടെ സഹകരണവകുപ്പും പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പുകളും ഫിഷറീസ് വകുപ്പും ഗുണഭോക്താക്കള്‍ക്ക് ഭവനങ്ങള്‍ നല്‍കിയിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് ഇത്രയധികം സഹായകമാവുന്ന പദ്ധതി ഇഷ്ടപ്പെടാത്ത ചിലരുണ്ട്. ഇവര്‍ പദ്ധതിയെ അപഹസിക്കാനും എങ്ങനെയൊക്കെ ഇടിച്ചു താഴ്ത്താന്‍പറ്റുമെന്നുമുള്ള പരിശോധനയിലാണ്. അതിനായി യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുകയും ചെയ്യുന്നു. ലൈഫിനെതിരേ വന്‍തോതിലുള്ള നുണപ്രചാരണവുമായി ചിലര്‍ രംഗത്തുണ്ട്. ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങള്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപേക്ഷകള്‍ സുതാര്യമായാണ ക്ഷണിച്ചത്. മൂന്ന് ഘട്ടങ്ങളിലും അപേക്ഷകരല്ലാത്ത ചിലരുണ്ട്. അവര്‍ക്ക് പദ്ധതിയിലവസരം നല്‍കാനാണ് വീണ്ടും അപേക്ഷ ക്ഷണിച്ചത്. ഇതില്‍ എട്ട് ലക്ഷത്തിലധികം പേര്‍ അപേക്ഷകരായിട്ടുണ്ട്. ഇതില്‍ അര്‍ഹരായവര്‍ക്ക് വീട് നല്‍കാനാണ് സര്‍കാര്‍ തീരുമാനം. ലക്ഷ്യമിട്ട എല്ലാവികസന പ്രവര്‍ത്തനങ്ങളും കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പൂര്‍ത്തിയാക്കുന്നുണ്ടെന്നും ക്ഷേമപ്രവര്‍ത്തനങ്ങളിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷനിലൂടെ ഇനി കാസര്‍കോടും ഭവന സമുച്ചയം

നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ഭവനരഹിതര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ പ്രഥമ ഭവനസമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. തദ്ദേശസ്വംഭരണ വകുപ്പ് മന്ത്രി എ സി മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു മുഖ്യാതിഥിയായി. 8100 കോടിരൂപ ചെലവഴിച്ച് സാധാരണക്കാര്‍ക്ക് വീടുകള്‍ ലഭ്യമാക്കുന്ന പദ്ധതി രാജ്യത്ത് തന്നെ ആദ്യമാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എ സി മൊയ്ദീന്‍ പറഞ്ഞു. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രം ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുള്ള ലൈഫ് പദ്ധതി വളരെ സുതാര്യമായാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രീഫാബ് ടെക്നോളജി

ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ള ഒരു ഏക്കര്‍ സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. 44 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. എല്‍ജിഎസ്എഫ്-പ്രീഫാബ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപേയാഗിച്ചാണ് 50 സെന്റ് സ്ഥലത്ത് നാലു നിലകളിലായി കെട്ടിടം നിര്‍മിക്കുക. ഇത് പ്രകാരം വളരെ വേഗത്തില്‍ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിര്‍മാണങ്ങള്‍ക്ക് ബലവും കൂടുതലായിരിക്കും.

എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തും

26,848 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സമുച്ചയത്തില്‍ 511 സ്‌ക്വയര്‍ ഫീറ്റ് വീതമുള്ള 44 വ്യക്തിഗതഭവന യൂണിറ്റുകളാണുള്ളത്. രണ്ട് ബെഡ്‌റൂം, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശുചിമുറിഎന്നിവ ഉള്‍പ്പെടുന്നതാണ് ഒരു യൂണിറ്റ്. ഇതിന് പുറമേ അങ്കണവാടി, വായനശാല, വയോജന പരിപാലനകേന്ദ്രം, കോമണ്‍റൂം, സിക്ക് റൂം, മാലിന്യ സംസ്‌കരണ കേന്ദ്രം, സൗരോര്‍ജ സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഗ്രൗണ്ട് ഫ്‌ളോറിലെ രണ്ട് ഫ്‌ളാറ്റുകള്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്തവയാണ്. ദേശീയ പാതയില്‍നിന്നും 1.5 കിലോമീറ്റര്‍ മാറി ചട്ടഞ്ചാല്‍-ദേളി പാതയ്ക്ക് സമീപമാണ് സമുച്ചയം സ്ഥിതിചെയ്യുന്നത്. കിഫ്ബിയിലൂടെ കേരള വാട്ടര്‍ അതോറിറ്റി ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വിഭാവനം ചെയ്തിട്ടുള്ള ജലവിതരണ പദ്ധതിയിലൂടെയാണ് ഇവിടേക്ക് കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിടുന്നത്. 6.64 കോടി രൂപയാണ് പദ്ധതി തുക. തൃശൂര്‍ ഡിസ്ടിക്ട് ലേബര്‍ കോണ്‍ട്രാക്ട് സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്.

ജില്ലയില്‍ ഇതുവരെ 8162 ലൈഫ് ഭവനങ്ങള്‍

ലൈഫ് മിഷന്‍ ഭവനപദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 8162 വീടുകളാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ ഇത് വരെ 2886 വീടുകളാണ് കൈമാറിയത്. രണ്ടാം ഘട്ടത്തില്‍ 3026 വീടുകള്‍ കൈമാറി. പിഎംഎവൈ റൂറല്‍ വിഭാഗത്തില്‍ 568 ഉം പിഎംഎവൈ അര്‍ബനില്‍ 1165 ഉം, പട്ടികജാതി വകുപ്പ്-399, പട്ടിക വര്‍ഗ വകുപ്പ്-16, ഫിഷറീസ് വകുപ്പ്-70 വീടുകളും നല്‍കിയിട്ടുണ്ട്. മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന 32 വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിത ഭവനരഹിതര്‍ക്ക് വേണ്ടിയുള്ള ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ജില്ലയില്‍ നിലവില്‍ 2566 പേരാണ് അര്‍ഹരായിട്ടുള്ളത്.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍സ്വാഗതം പറഞ്ഞു. ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം വത്സന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, ബ്ലോക്ക് അംഗം ടി ഡി കബീര്‍, പഞ്ചായത്ത് അംഗം ആസിയ മുഹമ്മദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS