കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; അനില്‍ അക്കരയ്ക്ക് പരിക്ക്

174

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്നാരോപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രാവിലെ 11 ഓടെ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. തൊട്ടുപിന്നാലെ മാര്‍ച്ച്‌ അക്രമാസക്തമായി. പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ അനില്‍ അക്കര എം.എല്‍.എയുടെ കൈക്ക് പൊട്ടലുണ്ട്. മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത ഉമ്മന്‍ചാണ്ടി മടങ്ങിയശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിന് മുന്നിലേക്ക് പ്രകടമായി എത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സംരക്ഷണവേലി തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസിനെ നേരെ കല്ലെറിയുകയും ചെയ്തു.
തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. അനില്‍ അക്കരെ ഉള്‍പ്പടെ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാര്‍ക്കും പരിക്കുണ്ട്. വടക്കാഞ്ചേരി പീഡനക്കേസില്‍ പോലീസ് അനാസ്ഥ ആരോപിച്ച്‌ ദിവസങ്ങളായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായാണ് കളക്ടറേറ്റ് മാര്‍ച്ച്‌ സംഘടിപ്പിച്ചത്. വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം 20 ദിവസം പിന്നിട്ടിട്ടും പ്രതികളെ ചോദ്യം ചെയ്യാന്‍പോലും പോലീസ് തയ്യാറാവുന്നില്ല എന്നതാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. കേസില്‍ തെളിവില്ലെന്ന നിലപാടിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്.