കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സമഗ്ര പദ്ധതി

183
graduation cap diploma isolated on a white background

കാസര്‍കോട് : ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ ഉന്നമനത്തിന് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) സമഗ്ര പദ്ധതിക നടപ്പാക്കും. കാസര്‍കോട് മായിപ്പാടി ഡയറ്റില്‍ നടന്ന ഉപദേശക സമിതി യോഗമാണ് അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണപരമായ നേതൃത്വം നല്‍കുന്നതിന് സഹായകമായ നൂതന പദ്ധതികള്‍ക്ക് രൂപം നല്‍കിയത്.

കൊറഗ ഗോത്രമേഖലയില്‍ ഡയറ്റ് പഠനം നടത്തും. സ്വന്തം ഗോത്ര ഭാഷ പോലും കൈമോശം വരുന്നുവെന്ന പരിദേവനങ്ങള്‍ക്കിടയില്‍ ജില്ലയിലെ സെക്കണ്ടറി വിദ്യാലയങ്ങളില്‍ പഠിക്കുന്ന കൊറഗ ഗോത്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പ്രത്യേകം പ0ന വിധേയമാക്കും. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ സെക്കണ്ടറി സ്‌കൂള്‍ പഠന പ്രശ്‌നങ്ങളെ കുറിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും കൊഴിഞ്ഞുപോക്കു തടയുന്നതിനും ഉപകരിക്കുന്ന പദ്ധതി ആവിഷ്‌കരിക്കും.

പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരവും അക്കാദമിക നേട്ടവും പ0ന വിധേയമാക്കും. ഗണിതപഠനം മെച്ചപ്പെടുത്തുന്നതിന് കണക്കറിവ് പരിപാടി സംഘടിപ്പിക്കും. ശാസ്ത്ര പഠന പ്രോത്സാഹന പരിപാടി നടത്തും. ജൈവ വൈവിധ്യ പാര്‍ക്കുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്ന വിദ്യാലയങ്ങളുടെ ഡോക്യുമെന്റേഷന്‍ നടത്തും. എല്‍.എസ്.എസ്, യു.എസ്.എസ് നാഷണല്‍ മെറിറ്റ് സകോളര്‍ഷിപ്പ് എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ പരിപാടികള്‍ നടത്തും.

എസ്എസ്എല്‍സി പരീക്ഷാ ഫലത്തിന്റെ കാര്യത്തില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയോടൊപ്പമോ സംസ്ഥാന ശരാശരിക്കൊപ്പമോ എത്താന്‍ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി ഡയറ്റ് പദ്ധതികള്‍ തുടരും. പ്രീ-പ്രൈമറി അധ്യാപികമാര്‍ക്കും ആയമാര്‍ക്കും പരിശീലനം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ക്ക് ഓറിയന്റേഷന്‍ പ്രോഗ്രാം, സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം എന്നിവയും നടപ്പ് അധ്യയന വര്‍ഷം സംഘടിപ്പിക്കും.

പ്രീ-സെര്‍വീസ്, ഇന്‍-സര്‍വീസ് മേഖലകളിലായി വിവിധ പരിശീലനങ്ങള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, പ0നങ്ങള്‍ പ0ന സാമഗ്രികള്‍ തയ്യാറാക്കല്‍, ട്രൈഔട്ട് നൂതന പ്രവര്‍ത്തനങ്ങള്‍, പഠനങ്ങള്‍, സംയോജിത വിദ്യാഭ്യാസം, മികച്ച അക്കാദമിക് പരിപാടികളുടെ ഡോക്യുമെന്റേഷന്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറ്റ് രൂപം നല്‍കി.

ഉപദേശക സമിതി യോഗം മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഭിന്‍ വി.എസ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.എം. ബാലന്‍ ആമുഖ പ്രഭാഷണം നടത്തി. സീനിയര്‍ ലക്ചറര്‍ ഡോ.സുരേഷ് കൊക്കോട്ട് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സീനിയര്‍ ലക്ചറര്‍ കെ.രാമചന്ദ്രന്‍ നായര്‍ നടപ്പ് അധ്യയന വര്‍ഷത്തെ പരിപാടികളുടെ നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു.

‘ഉത്തരം’ ന്യൂസ് ലെറ്റര്‍ ജില്ലാ സാക്ഷരതാ മിഷന്‍ അക്കാദമിക വിഭാഗം കണ്‍വീനര്‍ കെ.വി. രാഘവന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് നല്‍കി പ്രകാശനം ചെയ്തു. മുന്‍ പ്രിന്‍സിപ്പാള്‍ സി.എന്‍ ബാലകൃഷ്ണന്‍ ലക്ചറര്‍ വിനോദ് കുമാര്‍ പെരുമ്പള തുടങ്ങിയവര്‍ സംസാരിച്ചു.

NO COMMENTS