സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ ഡി.വൈ.എസ്.പിക്കെതിരെ കേസെടുക്കും

257

കൊല്ലം/തിരുവനന്തപുരം: കൊല്ലത്ത് നടന്ന ദേശീയ സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ ഡി.വൈ.എസ്.പിക്കെതിരെ കേസെടുക്കും. കൊല്ലം റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ അനുമതി നല്‍കി. മാനഭംഗ ശ്രമത്തിനാവും കേസെടുക്കുക എന്നാണ് സൂചന.
കൊക്കൂണ്‍ എന്നപേരില്‍ കഴിഞ്ഞ 18, 19 തീയതികളില്‍ ആയിരുന്നു സൈബര്‍ സുരക്ഷാ സമ്മേളനം. അവതാരകയായി എത്തിയ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഹൈടെക് സെല്‍ അസി. കമാന്‍ഡന്റ് വിനയകുമാരന്‍ നായരെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. റേഞ്ച് ഐ.ജി മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

സമ്മേളനം നടക്കുന്നതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അവതാരകയായ ഡിഗ്രി വിദ്യാര്‍ഥിനിയുടെ ഇരിപ്പിടത്തിനടുത്ത് എത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രി, ഗവര്‍ണര്‍, ഡി.ജി.പി, വിദേശത്തുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സമ്മേളനമാണ് കൊല്ലത്ത് നടന്നത്.