കൊച്ചി തുറമുഖത്ത് അജ്ഞാതരായ നാലംഗ സംഘം; സുരക്ഷ ശക്തമാക്കി

251

കൊച്ചി: അതീവ സുവക്ഷ മേഖലയായ കൊച്ചി തുറമുഖത്ത് അജ്ഞാതരായ നാലംഗ സംഘം വഞ്ചിയിലെത്തിയ സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പോലീസ്, സിഐഎസ്‌എഫ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രാത്രിയിലും ഇന്ന് രാവിലെയുമായി ഊര്‍ജിതമായ തിരച്ചില്‍ നടത്തി. എന്നാല്‍ ഇതുവരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.തുറമുഖത്തെ ക്യൂ ബര്‍ത്തിനടിയിലേക്ക് രണ്ട് വഞ്ചിയിലായി നാലു പേര്‍ കടന്നു പോകുന്നത് സിഐഎസ്‌എഫ് ഉദ്യോഗ്സ്ഥരാണ് കണ്ടത്. ഇതിനെ തുടര്‍ന്ന് നേവി കോസ്റ്റ് ഗാര്‍ഡ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തെരച്ചില്‍ നടത്തി പ്രദേശം സുരക്ഷാ ഭടന്മാരുടെ നിയന്ത്രണത്തിലായെങ്കിലും ആരെയും കണ്ടെത്താനായില്ല.
എന്നാല്‍ ബര്‍ത്തിനടിയില്‍ നിന്നും ആളില്ലാത്ത രണ്ട് വള്ളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.രാത്രികാലങ്ങളില്‍ മത്സ്യബന്ധനത്തിനെത്തിയ മത്സ്യതൊഴിലാളികളുടെതാണ് വള്ളമെന്ന് സംശയമുണ്ടെങ്കിലും അവകാശവുമായി ഇതുവരെ എത്താത്തതും ദുരൂഹത ഉയര്‍ത്തുന്നു. കൊച്ചി തുറമുഖത്തും പരിസര പ്രദേശങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതായി സുരക്ഷ ഉദ്യോഗ്സ്ഥര്‍ വ്യക്തമാക്കി.