ഗുരുനാഥനോട് നാട് കാട്ടുന്ന ആദരവിന് ചേര്‍ന്ന സമീപനമല്ല ഒരു മാസത്തെ ശമ്പളം – മുഖ്യമന്ത്രി പിണറായി വിജയന്‍

238

തിരുവനന്തപുരം : ഗുരുനാഥനോട് നാട് കാട്ടുന്ന ആദരവിന് ചേര്‍ന്ന സമീപനമല്ല ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഉത്തരവ് ചില അധ്യാപകര്‍ കത്തിച്ച നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് നേതൃത്വം നല്‍കിയ അധ്യാപകന്റെ സ്കൂളിലെ കുട്ടികള്‍ ചേര്‍ന്ന് തുക സമാഹരിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ഇതിനുള്ള ഉചിതമായ മറുപടിയായി. ഇതാണ് നാടിന്റെ പ്രതികരണമെന്ന് അവര്‍ മനസിലാക്കണം. കത്തിച്ചവര്‍ക്ക് മാനസാന്തരമൊന്നും വരില്ല. അവര്‍ അത്തരമൊരു മനസിന്റെ ഉടമകളായിപ്പോയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കോവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടവരായാലും ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ കേസ് വരുമ്ബോള്‍ അതിനെ ശരിയായ രീതിയില്‍ പ്രതിരോധിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച്‌ പ്രധാനമാണ്. അതിനായി പ്രധാനപ്പെട്ട അഭിഭാഷകരെ നിയോഗിക്കേണ്ടി വരും. ഈ രീതി എല്ലാക്കാലത്തുമുണ്ട്. ഏത് സര്‍ക്കാരായാലും ഇത് ചെയ്യേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്ന് പ്രവാസികള്‍ മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുമ്ബോള്‍ അവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യേണ്ട അവസ്ഥയുണ്ട്. ഇതിനായി ഒരു പ്രത്യേക സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തും. നിശ്ചിത സമയത്ത് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അവരെ അലര്‍ട്ട് ചെയ്യുന്ന സംവിധാനമുണ്ടാവും. ഇവരെ ബന്ധപ്പെടുന്നതിനും പരിശോധിക്കുന്നതിനും എല്ലാ പഞ്ചായത്തിലും ഡോക്ടര്‍മാര്‍ ഉണ്ടാവും. ആവശ്യമായ മൊബൈല്‍ ക്ളിനിക്കുകളും ടെലി മെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തും.സംസ്ഥാനത്തുള്ളവരുടെ കാര്യത്തിലും ഇതേനടപടി തന്നെ സ്വീകരിക്കും. സംസ്ഥാനത്തിന് പുറത്ത് വീടുള്ളവര്‍ തത്ക്കാലം അവിടെ തന്നെ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തെന്ന പേരില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെപ്പറ്റിയുള്ള ആക്ഷേപത്തിന് മുഖ്യമന്തിയുടെ മറുപടി ഇങ്ങനെ:
സുരക്ഷാ കാര്യങ്ങള്‍ക്കും ദുരന്ത പ്രതികരണത്തിനും ഇതാവശ്വമാണ്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ക്ക് ഹെലിക്കോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. എയര്‍ ഫോഴ്സ് വിമാനങ്ങള്‍ ഉള്ളപ്പോള്‍ തന്നെ സുരക്ഷയ്ക്ക് കേന്ദ്രവും വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതൊക്കെ ആവശ്യമായിരിക്കും.

ഉപദേഷ്ടാക്കളുടെ പേരിലുളള ആരോപണത്തേയും മുഖ്യമന്ത്രി പരിഹസിച്ചു . ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്ബളമോ ആനുകൂല്യങ്ങളോ തന്‍റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാം കൂടി നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ആരോപണങ്ങളുടേയൊക്കെ പൊളളത്തരം ആര്‍ക്കും മനസിലാകുന്നതാണ്. വാഹനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച വിവാദത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. എത്രയോ വാഹനങ്ങള്‍ കാലഹരണപ്പെട്ടിട്ടും അപൂര്‍വമായി മാത്രമാണ് പുതിയത് സര്‍ക്കാര്‍ വാങ്ങുന്നത്. ബാലിശമായ ആരോപണമായതുകൊണ്ടാണ് താന്‍ ഇതു വരെ ഇതിനോട് പ്രതികരിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS