സിഗററ്റ് പായ്ക്കറ്റുകളിലെ 85 ശതമാനം മുന്നറിയിപ്പ്: നിര്‍വഹണം ഫലപ്രാപ്തിയിലെന്ന് പഠനം

208

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രമുഖ സിഗററ്റ് കമ്പനികള്‍ സിഗററ്റ് പാക്കറ്റുകളില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പ് എന്ന വ്യവസ്ഥ പാലിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. പൊലീസ്, ആരോഗ്യവകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവ നടപ്പാക്കുന്ന നിര്‍വഹണ യജ്ഞം ഫലം കാണുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്.
സിഗററ്റ് പാക്കറ്റുകളില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പ് 2016 ഏപ്രില്‍ ഒന്നിന് നടപ്പിലാക്കി രണ്ടുമാസത്തിനു ശേഷം ജൂണില്‍ നടത്തിയ ഒരാഴ്ചത്തെ നിരീക്ഷണത്തിലും പഠനത്തിലുമാണ് ഇക്കാര്യം കണ്ടെത്തിയത്. എല്ലാ സിഗററ്റ് പായ്ക്കറ്റുക്കളും ആരോഗ്യ മുന്നറിയിപ്പുകളുടെ മിനിമം വലിപ്പം, ഭാഷ, ദൃശ്യത എന്നീ മൂന്ന് മാനദണ്ഡങ്ങളും പാലിക്കുന്നതായി പഠനം കണ്ടെത്തി.രണ്ട് പുകയില കമ്പനികളുടെ പത്തു ബ്രാന്‍ഡുകളില്‍ നിന്നായി നൂറ് സിഗററ്റ് പായ്ക്കറ്റുകളാണ് പഠനം നടത്തിയ വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ നിരീക്ഷിച്ചത്. പരിശീലനം ലഭിച്ച ഫീല്‍ഡ് ഏജന്റുമാര്‍ തിരുവനന്തപുരം നഗരത്തില്‍ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ മാനദണ്ഡമാക്കി വിവിധ പ്രദേശങ്ങളിലെ കിയോസ്‌കുകളിലും, ചെറിയ പലചരക്ക് കടകളിലും തെരുവോരങ്ങളിലുമുള്ള കച്ചവടക്കാരെ നിരീക്ഷിക്കുകയായിരുന്നു. എട്ടു സംസ്ഥാനങ്ങളില്‍ നടത്തിയ പഠനങ്ങളുടെ ഭാഗമായിരുന്നു ഇത്.നഗരത്തില്‍ വിറ്റഴിക്കപ്പെട്ട 100 ബീഡി പാക്കറ്റുകളില്‍ നടന്ന സമാന വിലയിരുത്തലില്‍ ഇവയൊന്നുംതന്നെ സചിത്ര ആരോഗ്യ മുന്നിറിയിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്നും കണ്ടെത്തി. പുകരഹിത പുകയില ഉത്പ്പന്നങ്ങള്‍ ലഭ്യമല്ല എന്നാണ് ഫീല്‍ഡ് ഏജന്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രഹസ്യമായി ഇവ അനായാസം ലഭ്യമാണെന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്ത് വിശേഷിച്ചും, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ ഒരു സഹകരണസ്ഥാപനത്തിന്റെ ബീഡിപാക്കറ്റുകള്‍ നിയമപ്രകാരമാണെന്ന് പിന്നീട് സെപ്റ്റംബര്‍ ആദ്യം നടന്ന പഠനത്തില്‍ കണ്ടെത്തി.2016 ഏപ്രില്‍ ഒന്ന് മുതലാണ് സര്‍ക്കാര്‍ പുകയില ഉത്പ്പന്ന പാക്കറ്റുകളുടെ മുന്നിലും പിന്നിലുമായി 3.5 സെന്റിമീറ്റര്‍ വീതിയിലും 4 സെന്റിമീറ്റര്‍ ഉയരത്തിലുമായി 60 ശതമാനം ചിത്രവും 25 ശതമാനം അക്ഷരങ്ങളുമായി പായ്ക്കറ്റുകളുടെ വലിപ്പത്തില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പ് നിര്‍ബന്ധമാക്കിയത്. പുകയില ഉത്പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ ‘പുകവലി തൊണ്ടയിലെ അര്‍ബുദത്തിന് കാരണമാകും’ എന്ന മുന്നറിയിപ്പാണ് പ്രദര്‍ശിപ്പിക്കേണ്ടത്.മാനദണ്ഡങ്ങള്‍ക്കനുസൃതമായ മുന്നറിയിപ്പില്ലാത്ത പുകയില ഉത്പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് 2016 മേയ് 31-നകം പിന്‍വലിക്കണമെന്നും പുതിയ മുന്നറിയിപ്പ് അച്ചടിക്കുകയോ ഒട്ടിച്ചുചേര്‍ക്കുകയോ ചെയ്യാതെ ഇവ വിപണനത്തിന് അനുവദിക്കരുതെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് മേയില്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.നിയമാനുസൃതമായ ആരോഗ്യ മുന്നറിയിപ്പുകളില്ലാത്ത പുകയില ഉത്പ്പന്ന പാക്കറ്റുകള്‍ പിടികൂടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ത്ത്, സൗത്ത് സോണ്‍ എഡിജിപിമാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു.പ്രതിവര്‍ഷം നാല്പതിനായിരത്തോളം ജിവനുകള്‍ പുകയില ഉപയോഗം മൂലം കേരളത്തില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് നിയമം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ റീജണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടറും ടുബാക്കോ ഫ്രീ കേരള ചെയര്‍മാനുമായ ഡോ.പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. കുട്ടികള്‍, സാക്ഷരതാ പരിമിതിയുള്ളവര്‍ എന്നിവരുമായി ആശയവിനിമയം നടത്താനായി പുകയില ഉത്പ്പന്നങ്ങളുടെ പാക്കറ്റില്‍ വലിപ്പമുള്ള സചിത്ര മുന്നറിയിപ്പുകളാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. പുകയില ശീലം ആരംഭിക്കുന്നത് തടയുന്നതാണ് പ്രധാനം. സചിത്ര മുന്നറിയിപ്പുകള്‍ക്കായുള്ള പ്രചരണത്തിന് പിന്തുണ നല്‍കിയ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവരുടെയും പൊതുജനങ്ങളുടെയും സേവനത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

NO COMMENTS

LEAVE A REPLY