മസൂദ് അസ്‍ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും എതിര്‍ത്തു

184

ബെയ്ജിങ് • ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്‍ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിന് യുഎന്നില്‍ വീണ്ടും തടസവാദവുമായി ചൈന. ചൈനയുടെ മുന്‍നടപടിയുടെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് പുതിയ നീക്കം. വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസറിനെതിരായ യുഎന്നിലെ നീക്കത്തെ ചൈന തടഞ്ഞത്. ഇനി ഈ വിഷയത്തില്‍ ഇന്ത്യയുടെ അപേക്ഷ ആറുമാസത്തിനുശേഷമേ പരിഗണിക്കൂ.
പഠാന്‍കോട്ട് ഭീകരാക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന മസൂദ് അസ്ഹറിനെ യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ താല്‍പര്യം. ഭീകരസംഘടന എന്ന നിലയിലും ആഗോള ഭീകരസംഘടനയായ അല്‍ ഖായിദയുമായുള്ള ബന്ധത്തിന്റെ പേരിലും ജയ്ഷെ മുഹമ്മദിനെ 2001ല്‍ തന്നെ യുഎന്‍ രക്ഷാസമിതി ഉപരോധപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ജയ്ഷെ മുഹമ്മദ് തലവനെയും യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ചൈന ഇതിനെ എതിര്‍ത്തു. അസ്ഹറിനെ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടപ്പോഴും ചൈന എതിര്‍ത്തിരുന്നു. അസ്ഹറിനെതിരെ നടപടിക്കു മതിയായ കാരണങ്ങളില്ലെന്നാണ് ചൈനയുടെ നിലപാട്.