ചൈന – ജപ്പാന്‍ ബന്ധം കൂടുതല്‍ വഷളായി

190

ബെയ്ജിങ് • ചൈനയുടെ യുദ്ധവിമാനങ്ങള്‍ ജപ്പാന്റെ രണ്ടു ദ്വീപുകള്‍ക്കിടയിലെ കടലിടുക്കിനു മുകളിലൂടെ ആദ്യമായി പറന്നു. ഞായറാഴ്ചയാണ് ജപ്പാന്റെ മിയാക്കോ, ഒക്കിനാവാ ദ്വീപുകള്‍ക്കിടയിലൂടെ നാല്‍പതിലേറെ ചൈനീസ് യുദ്ധവിമാനങ്ങള്‍ പറന്നത്. ദക്ഷിണ ചൈനാക്കടലില്‍ യുഎസിനോടൊപ്പം ജപ്പാനും പട്രോളിങ് നടത്തുമെന്നു ടോക്കിയോ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ചൈനയുടെ അഭ്യാസം.എന്നാല്‍, പരിശീലനപ്പറക്കലിന്റെ ഭാഗമായിരുന്നു ഇതെന്നു ചൈന വ്യക്തമാക്കി. ചൈനയുടെ ബോംബര്‍ വിമാനങ്ങള്‍ തങ്ങളുടെ നിയന്ത്രണമേഖലയും അതിര്‍ത്തിയും ലംഘിച്ചില്ലെന്നു ജപ്പാന്റെ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതേസമയം, ജപ്പാന്റെ വ്യോമ, സമുദ്ര അതിര്‍ത്തികള്‍ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബേ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു.