1000,500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തീരുമാനത്തെ പിന്തുണച്ച്‌ ചൈനീസ് മാധ്യമം

207

ബെയ്ജിങ് • നോട്ടുകള്‍ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച്‌ ചൈനീസ് മാധ്യമം. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ധീരവും ഉറപ്പുള്ളതുമാണ്. എന്നാല്‍ നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം ഇന്ത്യയെ അഴിമതിമുക്തമാക്കാനാവില്ലെന്നും അതിനിയും ഏറെ അകലെയാണെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യാന്‍ നരേന്ദ്ര മോദി സ്വീകരിച്ച തീരുമാനവും അതിനദ്ദേഹം തിരഞ്ഞെടുത്ത വഴിയും നല്ലതാണ്. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ അനധികൃത ഇടപാടുകള്‍ പണം ഉപയോഗിച്ചാണ് നടത്തുന്നത്. ഇന്ത്യയിലെ 80 ശതമാനവും പണമിടപാടുകള്‍ക്കായും ഉപയോഗിക്കുന്നത് 500, 1000 രൂപ നോട്ടുകളാണ്. ഈ നോട്ടുകള്‍ അസാധുവാക്കിയെങ്കിലും പുതിയ തീരുമാനം അഴിമതിയെ പൂര്‍ണമായും ഇല്ലാതാക്കുമെന്നു പറയാനാവില്ല. പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതല്‍ കള്ളപ്പണം, അഴിമതി, നികുതി വെട്ടിപ്പ് എന്നിവയ്ക്കെതിരെ നരേന്ദ്ര മോദി നിരവധി നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ അവയ്ക്കൊന്നും പൂര്‍ണമായി ഫലമുണ്ടാക്കാനായില്ല.

മോദി സ്വീകരിച്ച ഇപ്പോഴത്തെ തീരുമാനം അപകടമാണെങ്കില്‍ക്കൂടി ധീരവും ഉറപ്പുള്ളതുമാണ്. എന്നാല്‍ നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ചൈന നടപ്പിലാക്കിയ പല രീതികളും ഇന്ത്യയ്ക്കും പിന്തുടരാവുന്നതാണ്. അഴിമതിയെ ഇല്ലാതാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് സ്വീകരിച്ച നടപടിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി മാധ്യമം വ്യക്തമാക്കി. ഷി ചിന്‍പിങ്ങിന്റെ നടപടിയിലൂടെ അഴിമതിക്കാരായ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു.അഴിമതി വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവന്നും അഴിമതിക്കാര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കിയും അഴിമതിക്കെതിരെയുള്ള പോരാട്ടം ചൈന ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യയെ അപേക്ഷിച്ച്‌ അഴിമതിക്കെതിരെ ചൈന സ്വീകരിച്ച നടപടികള്‍ ഫലവത്താണെന്നു തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയെ അഴിമതിമുക്തമാക്കാന്‍ മോദിയുടെ പുതിയ തീരുമാനത്തിനു കഴിയുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണമെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.