പാരമ്പര്യേതര ഊർജ്ജമേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യത- മുഖ്യമന്ത്രി പിണറായി വിജയൻ

118

പാരമ്പര്യേതര ഊർജ്ജോത്പാദന മേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യതകളാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ 2018 ലെ അക്ഷയ ഊർജ്ജ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവൈദ്യുതിയായിരുന്നു കേരളം കൂടുതൽ ആശ്രയിച്ചിരുന്നത്. താപവൈദ്യുതി നേരത്തെ സംസ്ഥാനത്തുണ്ടായിരുന്നു. പിന്നീട് കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമായ പ്പോൾ അതു ഉപയോഗിക്കുകയായിരുന്നു.

എന്നാൽ, നിലവിൽ ഒരു പ്രശ്നവുമില്ലാതെ വ്യാപിപ്പിക്കാൻ കഴിയുന്നത് സൗരോർജ്ജമാണ്. ആ രംഗത്ത് വലിയ മികവ് കാണിക്കാനാവുന്ന ഏജൻസിയാണ് അനർട്ട്. ഫലപ്രദമായി സൗരോർജ്ജം വ്യാപിപ്പിക്കുന്നതിൽ അനർട്ടിന് പൊതുശക്്തി പ്രകടിപ്പിക്കാനാകണം. അനർട്ടിന്റെ തുടർപ്രവർത്തനങ്ങൾ എങ്ങനെയാകണം എന്നതുസംബന്ധിച്ച റിപ്പോർട്ട് തയാറായിവരുന്നുണ്ട്. അതുകൂടി ഉൾക്കൊണ്ടുള്ള പുതിയ കരുത്ത് നേടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.വൈദ്യുതിമേഖലയിലെ മുന്നേറ്റത്തിന് പാരമ്പര്യേതരമേഖലയിലേക്ക് കടക്കണമെന്നും അതു മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്നും അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഊർജ്ജവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി സി.എം.ഡി എൻ.എസ്. പിള്ള, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ, എനർജി മാനേജ്മെൻറ് സെൻറർ ഡയറക്ടർ കെ.എം. ധരേശൻ ഉണ്ണിത്താൻ തുടങ്ങിയവർ സംബന്ധിച്ചു. അനർട്ട് ഡയറക്ടർ അമിത് മീണ സ്വാഗതവും ജനറൽ മാനേജർ പി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
പാരമ്പര്യേതര ഊർജ്ജ വ്യാപനത്തിനും അക്ഷയ ഊർജ്ജ ഉപകരണങ്ങളുടെ ഉപയോഗത്തിലും ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനാണ് അക്ഷയ ഊർജ്ജ അവാർഡുകൾ നൽകുന്നത്.

വിൽട്ടൺ വീവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആലപ്പുഴ (വ്യവസായ സ്ഥാപനം), കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം, സെൻറ് ജോസഫ്സ് കോളേജ് ഓഫ് എൻജിനിയറിങ് പാല (വിദ്യാഭ്യാസ സ്ഥാപനങ്ങൾ), ടെക്നോപാർക്ക് (പൊതുസ്ഥാപനം), ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ പാലക്കാട് (ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം), കാണക്കാരി ഗ്രാമപഞ്ചായത്ത് കോട്ടയം, തുറവൂർ ഗ്രാമപഞ്ചായത്ത് ആലപ്പുഴ (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ), സോൾജൻ എനർജി പ്രൈവറ്റ് ലിമിറ്റഡ് തൃശൂർ, മൂപ്പൻസ് എനർജി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം (അക്ഷയ ഊർജ രംഗത്തെ വ്യവസായ സ്ഥാപനങ്ങൾ), ഡോ. കുമാരവേൽ എസ്, എൻ.ഐ.ടി കോഴിക്കോട് (വ്യക്തി) എന്നിവർ അക്ഷയ ഊർജ്ജ അവാർഡുകൾ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

അഹല്യ ഹെൽത്ത് ഹെറിറ്റേജ് ആൻറ് നോളജ് വില്ലേജ് പാലക്കാട്, വൈദ്യരത്നം പി.എസ്. വാരിയേഴ്സ് ആര്യവൈദ്യശാല കോട്ടക്കൽ, ജി.വി.എച്ച്.എസ്.എസ് രാജകുമാരി ഇടുക്കി, ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അടൂർ, സെൻറ് തെരേസാസ് കോളേജ് എറണാകുളം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെൻറ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ എറണാകുളം, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എറണാകുളം, അമൃത വിശ്വവിദ്യാപീഠം എറണാകുളം, കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം, എക്കോടെക് റിന്യൂവബിൾ എനർജി സൊലൂഷൻസ് കോഴിക്കോട്, സുനീഷ് കുമാർ ഡി, ഡോ. സേവ്യർ ജെ.എസ് എന്നിവർ പ്രശസ്തി പത്രം ഏറ്റുവാങ്ങി.

മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് അനർട്ട് നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

NO COMMENTS