സാമൂഹ്യ അകലം കർശനമായി നടപ്പാക്കാൻ പോലീസിന് നിർദേശം നൽകി- മുഖ്യമന്ത്രി

88

തിരുവനന്തപുരം: സംസ്ഥാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില കടകളിൽ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. മാനദണ്ഡം ലംഘിച്ച് കട പ്രവർത്തിച്ചാൽ കടുത്ത നടപടികൾക്ക് നിർബന്ധിതമാകും.

തിരുവനന്തപുരം നഗരത്തിൽ കോവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാത്രമായി മൂന്ന് പട്രോൾ വാഹനങ്ങൾ നിയോഗിച്ചിട്ടുണ്ട്.

മാസ്‌ക് ധരിക്കാത്ത 4929 സംഭവങ്ങൾ സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 19 പേർക്കെതിരെ ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തു.മെയ് ഏഴുമുതൽ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതിൽ 225 ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളിൽനിന്ന് എത്തിയത്. സംസ്ഥാനത്തിനു പുറത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങി 137 പേർ എത്തിയിട്ടുണ്ട്.

ഇതുവരെ 124 സമ്മതപത്രങ്ങളിലൂടെ 1048 വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. യുഎഇയിൽനിന്ന് 154 വിമാനങ്ങളിലായി 28,114 പേരാണ് മടങ്ങിയെത്തിയത്. കുവൈത്ത് 60 വിമാനം – 10,439 പേർ, ഒമാൻ 50 വിമാനം – 8,707 പേർ, ഖത്തർ 36 വിമാനം – 6005 പേർ, ബഹ്റൈൻ 26 വിമാനം – 4309 പേർ, സൗദി 34 വിമാനം – 7190 പേർ. ഇത് ഗൾഫ് നാടുകളിൽനിന്ന് എത്തിയവരാണ്.

മറ്റു രാജ്യങ്ങളിൽനിന്ന് 44 വിമാനങ്ങളിലായി 7,184 ആളുകൾ എത്തിയിട്ടുണ്ട്. ആകെ വന്ന 71,958 പേരിൽ 1524 മുതിർന്ന പൗരൻമാരും 4898 ഗർഭിണികളും 7193 കുട്ടികളുമുണ്ട്. 35,327 പേർ തൊഴിൽ നഷ്ടപ്പെട്ടു വന്നവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS