ചിക്കുന്‍ഗുനിയ: ഡല്‍ഹിയില്‍ മൂന്നു മരണം

277

ന്യൂഡല്‍ഹി • ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചതോടെ ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയയെ തുടര്‍ന്നുള്ള മരണം 15 ആയി. ഇന്നലെ മരിച്ചവരില്‍ ഒരാള്‍ക്കു വൃക്കരോഗവും മറ്റൊരാള്‍ക്കു രക്താതിമര്‍ദവുമുണ്ടായിരുന്നു. മറ്റു രോഗങ്ങളുള്ളവര്‍ക്കു ചിക്കുന്‍ഗുനിയ ബാധിക്കുമ്ബോഴാണു മാരകമാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡെങ്കിപ്പനി ബാധിച്ച്‌ ഇതുവരെ 18 പേരാണു മരിച്ചത്. ദേശീയ തലസ്ഥാനമേഖലയില്‍ ആയിരക്കണക്കിനു പേര്‍ക്കാണു വൈറല്‍പ്പനി ബാധിച്ചിരിക്കുന്നത്.അതിനിടെ, വിദേശ സന്ദര്‍ശനം നടത്തുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ലഫ്. ഗവര്‍ണര്‍ നജീബ് ജങ് മടക്കിവിളിച്ചതിനെ തുടര്‍ന്ന് ജങ്ങും എഎപി സര്‍ക്കാരുമായുള്ള പോര് വീണ്ടും കനത്തു.പനിമരണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണു ഫിന്‍ലന്‍ഡില്‍ നിന്നു മടങ്ങിയെത്താനാവശ്യപ്പെട്ടു സിസോദിയയ്ക്ക് അടിയന്തര ഫാക്സ് അയച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമത്തിലാണ്.എന്നാല്‍, ഉപമുഖ്യമന്ത്രിയുമായി ഗൗരവമായ ചര്‍ച്ചനടത്താനുണ്ടാകുമെന്നു കരുതി ലഫ്. ഗവര്‍ണറെ കാണാന്‍ പോയെങ്കിലും അദ്ദേഹം അവധിയിലായിരുന്നെന്നു ജലവിഭവ മന്ത്രി കപില്‍ മിശ്രയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ അവധിയെടുക്കുന്നതെങ്ങനെയെന്ന ചോദ്യവും ഉന്നയിച്ചു.ഡല്‍ഹിയുടെ ഭരണാധികാരി ലഫ്. ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കു ശേഷം എഎപി സര്‍ക്കാരുമായുള്ള ബന്ധം അനുദിനം വഷളാകുകയാണ്.

NO COMMENTS

LEAVE A REPLY