ചെട്ടിനാട് ചെമ്മീന്‍ കറി

488

ചേരുവകള്‍
300 ഗ്രാം ചെമ്മീന്‍
2 വലിയ ഉള്ളി ചെറുതായി കൊത്തിയരിഞ്ഞത്
1 വലിയ തക്കാളി
2 വലിയ പച്ചമുളക്
1 ടീസ്പൂണ്‍ മുളകുപൊടി
1 ടീസ്പൂണ്‍ മല്ലിപ്പൊടി
അര ടീസ്പൂണ്‍ മഞ്ഞപ്പൊടി
3 ടേബിള്‍സ്പൂണ്‍ എണ്ണ
ഒരുനുള്ള് പെരുങ്കായപ്പൊടി
ഒരിതള്‍ കറിവേപ്പില
ഒരു ടീസ്പൂണ്‍ ജീരകം
അര ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ്
ഒരു നെല്ലിക്കാ വലുപ്പത്തില്‍ വാളന്‍പുളി
മല്ലിയില കുനുകുനെ അരിഞ്ഞത് 2 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വറുത്തും പൊടിച്ചും എടുക്കേണ്ടവ
അര ടീസ്പൂണ്‍ ജീരകം
അര ടീസ്പൂണ്‍ പെരുംജീരകം
കാല്‍ ടീസ്പൂണ്‍ എള്ള്
1 ടീസ്പൂണ്‍ മല്ലി
8-9 കുരുമുളക്
2 വറ്റല്‍മുളക്
ചെറിയ കഷ്ണം കറുവപ്പട്ട
2 ഗ്രാമ്പൂ
2 ഏലയ്ക്ക
കുറച്ച് ജാതിപത്രി

തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ചില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്തിളക്കി അരപ്പു പിടിക്കാനായി 10 മിനിറ്റു മാറ്റി വയ്ക്കുക. അര കപ്പ് വെള്ളത്തില്‍ പുളിയിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക. 10-15 മിനിറ്റിനു ശേഷം വെള്ളം വേര്‍തിരിച്ചെടുത്ത് മാറ്റിവയ്ക്കുക.

അര ടീസ്പൂണ്‍ ജീരകം, അര ടീസ്പൂണ്‍ പെരുംജീരകം, കാല്‍ ടീസ്പൂണ്‍ എള്ള്, 1 ടീസ്പൂണ്‍ മല്ലി, 2 ഗ്രാമ്പൂ, 2 ഏലയ്ക്ക, 2 വറ്റല്‍മുളക്, 8-9 കുരുമുളക്, ചെറിയ കഷ്ണം കറുവപ്പട്ട, കുറച്ച് ജാതിപത്രി എന്നിവ മൂപ്പിച്ചെടുക്കുക. ഇത് തണുത്ത ശേഷം മിക്‌സിയില്‍ നന്നായി പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക.

എള്ള്, ജീരകം, കറിവേപ്പില, ഉള്ളി, പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ എണ്ണയില്‍ വഴറ്റിയെടുക്കുക. ഉള്ളിയുടെ നിറം മാറിത്തുടങ്ങുമ്പോള്‍ ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. രണ്ടു മിനിറ്റിനു ശേഷം കുനുകുനെ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇതിലേക്ക് ചേര്‍ത്തു വഴറ്റുക.

അരപ്പില്‍ തക്കാളി നന്നായി ഉടഞ്ഞ് ചേര്‍ന്ന ശേഷം ഇതിലേക്ക് മഞ്ഞളും ഉപ്പും ചേര്‍ത്തു വച്ചിരിക്കുന്ന കൊഞ്ച് ചേര്‍ക്കുക. 4 മിനിറ്റ് അടച്ചുവെച്ചു വേവിക്കുക. 5 മിനിറ്റിനു ശേഷം പുളി പിഴിഞ്ഞു വറ്റിച്ചെടുത്ത വെള്ളവും അര കപ്പ് പച്ചവെള്ളവും ആവശ്യത്തിന് ഉപ്പും ഇതിലേക്ക് ചേര്‍ക്കുക. 2 മിനിറ്റ് അടച്ചുവെച്ചു വേവിക്കുക.

നേരത്തേ വറുത്തു പൊടിച്ചു മാറ്റിവെച്ചിരിക്കുന്ന മസാല 2 ടീസ്പൂണ്‍ വെന്തുകൊണ്ടിരിക്കുന്ന കറിയിലേക്ക് ചേര്‍ക്കുക. 5 മിനിറ്റു കൂടി അടച്ചുവെച്ചു വേവിക്കുക. കറി കുറച്ചു കുറുകുന്നതു വരെ വേവിച്ച് അടുപ്പില്‍ നിന്നും വാങ്ങാം.

NO COMMENTS