ചെന്നൈയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ഓടിക്കൊണ്ടിരുന്ന കാറും ബസും കുടുങ്ങി

243

ചെന്നൈ: ചെന്നൈയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ഓടിക്കൊണ്ടിരുന്ന കാറും ബസും കുടുങ്ങി. ഇന്നു രാവിലെ ചെന്നൈയിലെ തിരക്കേറിയ അണ്ണാശാലയിലാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസും ഒപ്പം സഞ്ചരിച്ചിരുന്ന കാറും റോഡിൽ പെട്ടെന്നു രൂപപ്പെട്ട ഗർത്തത്തിലേക്കു താഴ്ന്നത്. അപകടത്തിൽ പെടുമ്പോൾ ബസിൽ മുപ്പത്തഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. ചർച്ച്പാർക്ക് സ്‌കൂളിനു തൊട്ടുമുന്നിലാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്. ബസ് നിർത്തി ആളെ ഇറക്കുന്നതിനിടയിലാണ് മുൻഭാഗം പെട്ടെന്നു റോഡിൽ താഴ്ന്നുപോയത്. പരിഭ്രാന്തരായ പലരും ബസിൽനിന്നു പുറത്തേക്കു ചാടി. ചിലർ ബസിനുള്ളിൽ പിടിവിട്ടു വീണു. പരുക്കേറ്റവരെ റോയപ്പേട്ട ആശുപത്രിയിലേക്കു മാറ്റി. ബസിന്റെ മുൻഭാഗവും ഒപ്പം സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാർ ഏതാണ്ടു പൂർണമായും ഗർത്തത്തിൽ താഴ്ന്നു. ചെന്നൈ മെട്രോ റെയിലിനായി ഭൂഗർഭ പാത നിർമ്മിക്കാനായി തുരങ്കമുണ്ടാക്കിയതിനു മുകൽലുള്ള റോഡാണ് ഇടിഞ്ഞു താഴ്ന്നത്. എന്നാൽ, ഇതു തുരങ്കനിർമ്മാണത്തിലെ വീഴ്ചകൊണ്ടല്ലെന്നു ചെന്നൈ മെട്രോ റെയിൽ കോർപറേഷൻ വ്യക്തമാക്കി. തുരങ്കങ്ങൾ നിർമ്മിച്ചത് ഭുമിയുടെ ഉപരിതലത്തിൽനിന്ന് ഇരുപതടി താഴ്ചയിലാണെന്നും അതുകൊണ്ടു മണ്ണിന്റെ ഉപരിപാളിക്ക് ഇതുകൊണ്ടു പ്രശ്നമുണ്ടാകില്ലെന്നും മെട്രോ റെയിൽ വൃത്തങ്ങൾ അറിയിച്ചു. മാർച്ച് മുപ്പതിനും അണ്ണാശാലയിൽ സമാനമായ സംഭവമുണ്ടായിരുന്നു. 2015 ഡിസംബറിൽ അണ്ണാശാല-വിജയരാഘവ റോഡിൽ തെയ്നാംപേട്ടിലും അതേവർഷം ജൂണിൽ പൂനമല്ലീ ഹൈറോഡിലും ഇത്തരത്തിൽ റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു.

NO COMMENTS

LEAVE A REPLY