ചെന്നൈ • നഗരപ്രാന്തത്തില്‍ അപകടാവസ്ഥയിലായിരുന്ന 11 നില കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ സുരക്ഷിതമായി തകര്‍ത്തു. മൗലിവാക്കത്ത് ഇന്നലെ വൈകിട്ട് 6.50 ന് നടത്തിയ സ്ഫോടനത്തെ തുടര്‍ന്ന് അഞ്ച് സെക്കന്‍ഡിനുളളില്‍ കെട്ടിടം പൂര്‍ണമായി നിലം പതിച്ചു. 11 നിലയില്‍ അടുത്തടുത്തായി നിര്‍മിച്ച രണ്ട് കെട്ടിട സമുച്ചയങ്ങളില്‍ ഒന്ന് നിര്‍മാണഘട്ടത്തില്‍ 2014 ജൂണില്‍ തകര്‍ന്ന് 61 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിലെ ശേഷിച്ച കെട്ടിടമാണ് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അപകടാവസ്ഥയിലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ബില്‍ഡിങ് ഇംപ്ലോഷന്‍ രീതിയിലൂടെ നീക്കം ചെയ്തത്. തിരുപ്പൂര്‍ കേന്ദ്രമായ സ്വകാര്യ കമ്ബനിയാണു ചെന്നൈ മെട്രോപ്പൊലിറ്റന്‍ ഡവലപ്മെന്റ് അതോറിറ്റി, ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നി ശമനസേന എന്നിവരുടെ മേല്‍നോട്ടത്തില്‍ നിയന്ത്രിത സ്ഫോടനം നടത്തിയത്. താഴത്തെ രണ്ടു നിലകളിലും മൂന്ന്, അഞ്ച് നിലകളിലും 182 സ്ഥലങ്ങളിലായി തൂണുകളില്‍ ഡെറ്റനേറ്ററുകള്‍ സ്ഥാപിച്ചു. കെട്ടിടം തകര്‍ത്ത ശേഷം കാഞ്ചീപുരം ജില്ലാ കലക്ടര്‍ ഗജരാജലക്ഷ്മിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്ഫോടനത്തിനു മുന്‍പു തന്നെ 100 മീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ താമസക്കാരെയും മാറ്റിയിരുന്നു. ഇൗ ഭാഗത്ത് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഗതാഗത നിരോധനം ഏര്‍പ്പെടുത്തുകയും വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. നിര്‍മാണത്തിലിരുന്ന 11 നില സമുച്ചയം 2014ല്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഇതിന്റെ ഭാഗമായ രണ്ടാമത്തെ കെട്ടിടം ഇടിച്ചു നിരത്താന്‍ കലകട്ര്‍ ഉത്തരവിട്ടിരുന്നു.