ചാമ്പ്യൻസ് ലീഗില്‍ ചെല്‍സിയും പി എസ് ജിയും സെമിയിലേക്ക്

15

ചാമ്പ്യൻസ് ലീഗില്‍ ക്വാര്‍ട്ടറില്‍ നിന്നും സെമിയിലേക്ക് മുന്നേറി ചെല്‍സിയും പി എസ് ജിയും. നിലവിലെ ചാമ്പ്യൻമാരായ ബയേണ്‍ മ്യൂണിക്കിന്‍്റെ വെല്ലുവിളി അതിജീവിച്ചാണ് പി എസ് ജി സെമിയില‍െത്തിയത്. ആദ്യപാദത്തില്‍ ബയേണിന്‍റെ ഹോം ഗ്രൗണ്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പി എസ് ജി ജയിച്ചിരുന്നു. ക്വാര്‍ട്ടറില്‍ രണ്ടാം പാദ മത്സരത്തില്‍ ഇരു ടീമുകളും തോറ്റെങ്കിലും ആദ്യ പാദ മത്സരത്തിലെ മികച്ച വിജയത്തിന്‍്റെ അടിസ്ഥാനത്തിലാണ് ചെല്‍സിയും പി എസ് ജിയും സെമിയിലെത്തിയത്.ഇന്ന് രാവിലെ പി എസ് ജിയുടെ ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 1-0ന്റെ ജയം നേടിയിട്ടും ബയേണ്‍ മ്യൂണിക് ചാമ്ബ്യന്‍സ് ലീഗില്‍ നിന്ന് പുറത്തുപോവുകയായിരുന്നു.

2014ന് ശേഷം ആദ്യമായാണ് ചെല്‍സി ചാമ്ബ്യന്‍സ് ലീഗിന്റെ സെമി ഉറപ്പിക്കുന്നത്. നാളെ നടക്കുന്ന ലിവര്‍പൂള്‍ – റയല്‍ മാഡ്രിഡ് മത്സരത്തിലെ വിജയികളാവും സെമിയില്‍ ചെല്‍സിയുടെ എതിരാളികള്‍.രണ്ട് പാദങ്ങളിലും കൂടി 3-3നാണ് മത്സരം അവസാനിച്ച തെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ പി എസ് ജി സെമി ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി പി എസ് ജിക്ക് ഈ ജയം.

മത്സരത്തില്‍ തുടക്കത്തില്‍ പി എസ് ജിയാണ് ആധിപത്യം പുലര്‍ത്തിയതെങ്കിലും കളിയുടെ ഒഴുക്കിനെതിരായി ബയേണ്‍ മ്യൂണിക്കാണ് മത്സരത്തില്‍ ഗോള്‍ നേടിയത്. ബയേണ്‍ മ്യൂണിക്കിന് വേണ്ടി എറിക് മാക്സിം ചൗപോ മോട്ടിങ് ആണ് ഗോള്‍ നേടിയത്. ബയേണ്‍ ഗോള്‍ നേടുന്നതിന് തൊട്ട് മുന്‍പ് ബ്രസീലിയന്‍ താരം നെയ്മറിന്റെ രണ്ട് ശ്രമങ്ങള്‍ ബാറിലും പോസ്റ്റിലും തട്ടി തെറിച്ചതും പി എസ് ജിക്ക് തിരിച്ചടിയായി. ഒരു ഗോള്‍ വഴങ്ങിയതിന് ശേഷം മത്സരത്തില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ പി എസ് ജി സെമി ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.

അതേസമയം എഫ്‌ സി പോര്‍ട്ടോയെ മറികടന്നാണ് ചെല്‍സി സെമിയിലെത്തിയത്. ആദ്യപാദ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി ജയിച്ചിരുന്നു. എന്നാല്‍ ഇന്ന് നടന്ന രണ്ടാം പാദത്തില്‍ ചെല്‍സിക്കെതിരെ 1-0നാണ് പോര്‍ട്ടോ ജയിച്ചത്. കളി തീരുന്നതിന് തൊട്ടുമുമ്ബ് മെഹ്ദി ടരേമിയാണ് വല കുലുക്കിയത്. എന്നാല്‍ ഇരുപാദങ്ങളിലുമായി 2-1ന്‍റെ ലീഡ് നേടിയതിനാല്‍ ചെല്‍സി സെമിയില്‍ കടന്നു.

ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തില്‍ പോര്‍ട്ടോയുടെ ആക്രമണത്തിന് തടയിടാന്‍ ചെല്‍സിക്ക് കഴിഞ്ഞെങ്കിലും ഇഞ്ചുറി ടൈമില്‍ പോര്‍ട്ടോ താരം ടരേമിയുടെ വണ്ടര്‍ ഗോളില്‍ ചെല്‍സിക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. മികച്ചൊരു ബൈസിക്കിള്‍ കിക്കിലൂടെയാണ് പോര്‍ട്ടോ താരം ഗോള്‍ നേടിയത്. കളിയുടെ അവസാന നിമിഷത്തില്‍ ആയതിനാല്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടിയെടുക്കാന്‍ ആവശ്യമായ രണ്ടാമത്തെ ഗോള്‍ നേടാന്‍ പോര്‍ട്ടോക്ക് കഴിഞ്ഞതുമില്ല.