സ്‌കൂളുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നു

51

കോവിഡ് 19 മഹാമാരിമൂലം സ്‌കൂളുകൾ ശരിയായി പ്രവർത്തിപ്പിക്കാൻ കഴിയാത്തതു കാരണം ഐസിടി ഉപകരണങ്ങളുടെ അവധിക്കാലത്തെ ഉപയോഗവും പരിരക്ഷയും അടിയന്തിരമായി പരിശോധിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. ഇതിനായി വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുമായി കൈറ്റിന്റെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോ/ഓഡിയോ കോൺഫറൻസ് നടത്തി ഉപകരണങ്ങളുടെ കൃത്യത ഉറപ്പുവരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

കൈറ്റ് 2019-ൽ നടത്തിയ സ്‌കൂൾ സർവെ/ഓഡിറ്റിലെ കണ്ടെത്തലുകളും പരിശോധിക്കുന്നുണ്ട്. സ്‌കൂളുകളെ മുൻകൂട്ടി അറിയിച്ചായിരിക്കും സന്ദർശനം നടത്തുക. സ്‌കൂളുകളിൽ നൽകിയിരിക്കുന്ന ഉപകരണങ്ങളുടെ എണ്ണം ഉൾപ്പെടുത്തിയ ഓൺലൈൻ ആപ്ലിക്കേഷനിൽ (www.schoolsurvey.in) ലോഗിൻ ചെയ്ത് സ്‌കൂൾ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വത്തിൽ വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നതിനും സ്‌കൂൾ സന്ദർശിക്കുന്നവർക്ക് അത് പരിശോധിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർസാദത്ത് അറിയിച്ചു.

ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള 16026 സ്‌കൂളുകളിലായി 116259 ലാപ്‌ടോപ്പ്, 67194 പ്രൊജക്ടർ, 4545 ടെലിവിഷൻ, 4611 പ്രിന്റർ, 4720 വെബ്ക്യാം, 4578 ഡി.എസ്.എൽ.ആർ ക്യാമറ, 97655 യു.എസ്.ബി സ്പീക്കർ തുടങ്ങിയ ഉപകരണങ്ങളാണ് പദ്ധതികളുടെ ഭാഗമായി കൈറ്റ് വിന്യസിച്ചിട്ടുള്ളത്.

NO COMMENTS