ചാംപ്യൻസ് ട്രോഫി ഹോക്കി : ഇന്ത്യ ഫൈനലിൽ

252

ലണ്ടൻ ∙ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ഇന്ത്യ ഫൈനലിൽ. ഓസ്ട്രേലിയയോട് 4–2നാണ് അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യ അടിയറവ് പറഞ്ഞത്. എന്നാൽ അടുത്ത കളിയിൽ ഗ്രേറ്റ് ബിട്ടൻ ബൽജിയത്തോടു 3–3 സമനില വഴങ്ങിയതോടെ ഇന്ത്യ ഫൈനലിൽ കടന്നു. ഇതോടെ പൂളിൽ ഇന്ത്യയ്ക്ക് ഏഴും ബ്രിട്ടന് ആറും പോയിന്റായി. 13 പോയിന്റുള്ള ഓസ്ട്രേലിയ നേരത്തെ ഫൈനല് ഉറപ്പിച്ചിരുന്നു. ഇന്നാണ് ഫൈനൽ.

ലീ വാലി ഹോക്കി സെന്ററിൽ നടന്ന കളിയിൽ ആദ്യ മൂന്നു ക്വാർട്ടറുകളിലെ മേധാവിത്വത്തോടെയാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. 21–ാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്ന് ട്രെന്റ് മിൽട്ടനാണ് ഓസ്ട്രേലിയയുടെ ആദ്യ ഗോൾ നേടിയത്. 23–ാം മിനിറ്റിൽ, സലേവ്സ്കിയുടെ ഗോളിൽ ഓസീസ് ലീഡ് 2–0 ആക്കി. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ പാഡിൽത്തട്ടിയാണു പന്തു ഗോളായത്. 35–ാം മിനിറ്റിൽ ഫ്ലിൻ ഒഗിൽവിയുടെ ഗോളിൽ ലീഡ് 3–0 ആയതോടെ ഇന്ത്യൻ നിര ഉണർന്നു. 44–ാം മിനിറ്റിൽ വി.ആർ. രഘുനാഥിന്റെ ഗോളിൽ ഇന്ത്യയ്ക്ക് ആദ്യഗോൾ.

പക്ഷേ, ഇന്ത്യയുടെ തിരിച്ചുവരവിനു തടയിട്ട് തൊട്ടടുത്ത മിനിറ്റിൽ ട്രിസ്റ്റൻ വൈറ്റിന്റെ ഗോളിൽ ഓസ്ട്രേലിയ സ്കോർ 4–1 ആക്കി. 49–ാം മിനിറ്റിൽ മൻദീപ് സിങ്ങിലൂടെ ഒരുഗോൾ കൂടി ഇന്ത്യ നേടിയെങ്കിലും വിജയത്തിലെത്താൻ അതു മതിയാവുമായിരുന്നില്ല.

നേരത്തെ ഫൈനൽ ഉറപ്പാക്കിയിരുന്ന ഓസ്ട്രേലിയയ്ക്ക് എതിരെ തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ സാധിക്കാതിരുന്നതാണ് ഇന്ത്യയ്ക്കു വിനയായത്. ഓസ്ട്രേലിയ ആദ്യ മൂന്നു ക്വാർട്ടറുകളിലും ആക്രമിച്ചു കയറുകയും ചെയ്തു.

NO COMMENTS

LEAVE A REPLY