പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം

249

ദില്ലി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടുന്നു. കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പിന്നെയും പ്രതിസന്ധി നേരിടുകയാണെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.വരള്‍ച്ച രൂക്ഷമാകുന്ന സംസ്ഥാനത്ത് വരുന്ന മാസങ്ങളില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഔര്‍ജ്ജ മന്ത്രിയെ ധരിപ്പിച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ ലോഡ്ഷെഡിങ് വേണ്ടിവരുമോയെന്ന കാര്യവും കെ.എസ്.ഇ.ബി പരിശോധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. യൂണിറ്റിന് 2.80 രൂപാ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നാണ് കേന്ദ്ര ഔര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചിരിക്കുന്നത്. ആറ് രൂപ മുതല്‍ പത്ത് രൂപ വരെ കൊടുത്താണ് താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ക്ഷാമ കാലത്ത് കേരളം വൈദ്യുതി വാങ്ങുന്നത്. ഈ സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കാമെന്ന കേന്ദ്രത്തിന്റെ സന്നദ്ധത കേരളത്തിന് ആശ്വാസമാകും. വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കേരള സര്‍ക്കാറാണ് എടുക്കേണ്ടത്.

NO COMMENTS

LEAVE A REPLY