അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടില്ല : കേന്ദ്രസര്‍ക്കാര്‍

182

ന്യുഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റിസര്‍വ് ബാങ്കിലും മറ്റ് ബാങ്കുകളിലും ആവശ്യത്തിന് പണമുണ്ട്. നോട്ട് മാറാന്‍ അനുവദിച്ച 50 ദിവസത്തെ സമയപരിധി പര്യാപ്തമാണെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. ഡിസംബര്‍ 30 വരെയാണ് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയപരിധി അനുവദിച്ചിരിക്കുന്നത്. നേരത്തെ പഴയ നോട്ടുകള്‍ നല്‍കി നാലായിരം രൂപ വരെ ബാങ്കില്‍ നിന്ന് മാറിയെടുക്കാമായിരുന്നു. ഇതിന്‍റെ സമയപരിധി അവസാനിച്ചു. ഇനി ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. പഴയ നോട്ടുകളില്‍ 50,000 രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുന്നവര്‍ പാന്‍ കാര്‍ഡിന്‍റെ കോപ്പി നല്‍കണം. രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ ആദായ നികുതിയുടെ പരിധിയില്‍ വരും. ബാങ്കുകള്‍ക്ക് പുറമെ പോസ്റ്റ് ഓഫീസുകളില്‍ നിക്ഷേപിക്കപ്പെടുന്ന തുകയും ആദായ നികുതി വകുപ്പ് പരിശോധിക്കും. ഡിസംബര്‍ 30 വരെ 50,000 രൂപ വരെയുള്ള പ്രതിദിന നിക്ഷേപങ്ങളും 2.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളും ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഴയ നോട്ടുകള്‍ ബാങ്ക് കൗണ്ടറില്‍ നിന്ന് മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഇനിയും പഴയ നോട്ടുകള്‍ മാറ്റാത്തവര്‍ക്ക് അവ റിസര്‍വ് ബാങ്ക് കൗണ്ടറുകളില്‍ നിന്ന് മാറ്റിയെടുക്കാം.

NO COMMENTS

LEAVE A REPLY