സംസ്ഥാനങ്ങള്‍ക്ക് 30 ദിവസത്തേക്ക് അതിജാഗ്രതാ നിര്‍ദ്ദേശം

183

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രണം നടത്തിയ പാശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അതിജാഗ്രതാ നിര്‍ദേശം. മെട്രോ നഗരങ്ങളില്‍ അടക്കം അടുത്ത 30 ദിവസം അതിജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം.കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിന് ശേഷമാണ് സംസ്ഥാനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്. പാകിസ്താനില്‍ നിന്നുള്ള ഭീകരസംഘടനകള്‍ രാജ്യത്ത് ഭീകരാക്രണം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബിലും ജമ്മുകശ്മീരിലും കനത്ത സുരക്ഷയൊരുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കേന്ദ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ സുരക്ഷയൊരുക്കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇന്റലിജന്‍സ് ഓഫീസര്‍മാരും അടക്കമുളള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. വ്യവസായ ശാലകളിലും വിമാനത്താവളങ്ങളിലും ജനസാന്ദ്രതയുള്ള മാര്‍ക്കറ്റുകളിലുമടക്കം കനത്ത സുരക്ഷ ഒരുക്കാന്‍ സി.ഐ.എസ്.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജമ്മുവിനും പഞ്ചാബിനും പുറമെ ഗുജറാത്തിലും രാജാസ്ഥാനിലും പ്രത്യേക സുരക്ഷയൊരുക്കും. അതിനിടെ ജമ്മുകശ്മീരിലെ ഷോപിയാനില്‍ സിആര്‍പിഎഫിന് നേരെ ഭീകരവാദികള്‍ വെടിവെപ്പു നടത്തി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.