സെന്‍സസ് പ്രാരംഭ നടപടികള്‍ ആരംഭിച്ചു: 31 ചോദ്യങ്ങള്‍

101

കാസർകോട് : ഭാരത സെന്‍സസ് 2021 ന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. രാജ്യത്ത് നടക്കുന്ന ഈ ബൃഹത്തായ സംരംഭത്തില്‍ 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കാനായി താമസസ്ഥലങ്ങളില്‍ എത്തും. സെന്‍സസ് ചരിത്രത്തില്‍ ആദ്യമായി വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കും. കൂടാതെ സെന്‍സസിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കാനായി വെബ് പോര്‍ട്ടലും ഉപയോഗിക്കും. അതിനാല്‍ ഭാരതത്തിലെ സെന്‍സസ് ചരിത്രത്തില്‍ ആദ്യ ഡിജിറ്റല്‍ സെന്‍സസ് എന്ന വിശേഷണമാണ് സെന്‍സസ് 2021 നു നല്‍കിയിരിക്കുന്നത്.

സെന്‍സസിനു വേണ്ടി നല്‍കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യാത്മകമായിരിക്കും. അതിനാല്‍, ജനങ്ങള്‍ തങ്ങളുടെ വീട് സന്ദര്‍ശിക്കുന്ന എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കുകയും സെന്‍സസിനോട് പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്യണം. ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനോടൊപ്പം ആവാസ സ്ഥിതി, പ്രാഥമികസൗകര്യങ്ങളുടെ ലഭ്യത, പാര്‍പ്പിട ദൗര്‍ലഭ്യം എന്നിവ വിലയിരുത്തുവാന്‍ വേണ്ടി കുടുംബത്തിന് ലഭ്യമായ വിവിധ സൗകര്യങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളും കുടുംബത്തിനു കൈവശമുള്ള സാമഗ്രികളെ സംബന്ധിച്ച ചോദ്യങ്ങളും ഉള്‍പ്പെടെ 31 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കെട്ടിട നമ്പര്‍, സെന്‍സസ് വീടിന്റെ നമ്പര്‍, സെന്‍സസ് വീടിന്റെ നിലം, ഭിത്തി, മേല്‍ക്കൂര എന്നിവയ്ക്കുപ യോഗിച്ച പ്രധാന സാമഗ്രികള്‍, സെന്‍സസ് വീടിന്റെ ഉപയോഗം, സെന്‍സസ് വീടിന്റെ അവസ്ഥ, കുടുംബത്തിന്റെ നമ്പര്‍, കുടുംബത്തില്‍ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം, കുടുംബനാഥന്റെ/നാഥയുടെ പേര്, ആണോ, പെണ്ണോ, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയോ, പട്ടികജാതിയോ പട്ടികവര്‍ഗമോ മറ്റുള്ളവരോ, വീടിന്റെ ഉടമസ്ഥത, താമസിക്കുവാന്‍ കുടുംബത്തിന് മാത്രമായി കൈവശമുള്ള മുറികളുടെ എണ്ണം, കുടുംബത്തില്‍ താമസിക്കുന്ന ദമ്പതികളുടെ എണ്ണം, പ്രധാന കുടിവെള്ള സ്രോതസ്സ്, കുടിവെള്ള സ്രോതസ്സിന്റെ ലഭ്യത, വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്, കക്കൂസിന്റെ ലഭ്യത, ഏതു തരം കക്കൂസ്, അഴുക്കുവെള്ള കുഴല്‍ സംവിധാനം, കുളിക്കാനുള്ള സൗകര്യം, അടുക്കളയുടെയും എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്റെയും ലഭ്യത, പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം, റേഡിയോ/ട്രാന്‍സിസ്റ്റര്‍ടെലിവിഷന്‍, ഇന്റര്‍നെറ്റിന്റെ ലഭ്യത, ലാപ്‌ടോപ്പ്/കമ്പ്യൂട്ടര്‍, ടെലിഫോണും മൊബൈല്‍/സ്മാര്‍ട്ട് ഫോണും, സൈക്കിള്‍,സ് കൂട്ടര്‍/മോട്ടോര്‍സൈക്കിള്‍/മോപ്പഡ് കാര്‍/ജീപ്പ്/വാന്‍, കുടുംബത്തില്‍ പ്രധാനമായും ഉപയോഗിക്കുന്ന ധാന്യം, മൊബൈല്‍ നമ്പര്‍ എന്നിവയാണ് ചോദ്യങ്ങള്‍

സെന്‍സസിന്റെ ഒന്നാം ഘട്ടം വീടുപട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ആണ്. 77,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കേരളത്തില്‍ കണക്കെടുപ്പിനായി നിയോഗിക്കപ്പെടുന്നത്. രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2021 ഫെബ്രുവരിയില്‍ നടക്കുന്നതാണ്. ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനോടൊപ്പം ആവാസ സ്ഥിതി, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, പാര്‍പ്പിട ദൗര്‍ലഭ്യം എന്നിവ വിലയിരുത്തുവാന്‍ വേണ്ടി കുടുംബത്തിന് ലഭ്യമായ വിവിധ സൗകര്യങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളും കുടുംബത്തിനു കൈവശമുള്ള സാമഗ്രികളെ സംബന്ധിച്ച ചോദ്യങ്ങളും ഉള്‍പ്പെടെ 31 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സെന്‍സസ് 2021: ദ്വിദിന പരിശീലനം ആരംഭിച്ചു

സെന്‍സസ് 2021 ന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ചാര്‍ജ് ഓഫീസര്‍മാര്‍ക്കും റഗുലര്‍ അസിസ്റ്റന്റ് മാര്‍ക്കും ദ്വിദിന പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് നടക്കുന്ന എട്ടാമത് സെന്‍സസാണ് 2021 ല്‍ പൂര്‍ത്തിയാകുന്നത്. സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

സെന്‍സസ് ജില്ലാ നോഡല്‍ ഓഫീസര്‍ എസ്. സജിലാല്‍ ക്ലാസ്സെടുത്തു. എ.ഡി.എം എന്‍ ദേവി ദാസ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ആര്‍.ഡി.ഒ കെ രവികുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, സെന്‍സസ് ക്ലര്‍ക്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വിനോദ് കെ വി, അമ്പിളി കെ എസ് എന്നിവരാണ് കോ-ഓര്‍ഡിനേറ്റര്‍മാര്‍.

NO COMMENTS