സിസിഎസ്‌സിഎച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗന്ധവ്യഞ്ജന മേഖലയുടെ നിലവാരമുയര്‍ത്തും: കേന്ദ്ര വാണിജ്യ സെക്രട്ടറി

347

കൊച്ചി: ആഗോള സുഗന്ധവ്യജ്ഞന മേഖലയില്‍ സുതാര്യവും മാതൃകാപരവുമായ വിപണന രീതികള്‍ ഉറപ്പാക്കാന്‍ കോഡക്‌സ് അലിമെന്റേറിയസ് കമ്മിഷനു(സിഎസി) കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഡക്‌സ് കമ്മിറ്റി ഫോര്‍ കളിനറി ഹെര്‍ബ്‌സി(സിസിഎസ്‌സിഎച്ച്)ന്റെ സംരംഭങ്ങള്‍ക്കു പ്രശംസയുമായി കേന്ദ്ര വാണിജ്യ സെക്രട്ടറി റീത ടിയോതിയ.

സ്‌പൈസസ് ബോര്‍ഡിന്റെ ആതിഥ്യത്തില്‍, ഫെബ്രുവരി ആറു മുതല്‍ 10 വരെ നടക്കുന്ന സിസിഎസ്‌സിഎച്ചിന്റെ മൂന്നാമത് സമ്മേളനം ഗേറ്റ്‌വേ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു റീത ടിയോതിയ. ഭക്ഷ്യ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും രാജ്യാന്തര ഭക്ഷ്യവ്യാപാരത്തില്‍ മാതൃകാപരമായ രീതികള്‍ ഉറപ്പാക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കൃഷി സംഘടനയ്ക്കു കീഴില്‍ റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമിതിയാണ് കോഡക്‌സ് എലിമെന്റേറിയസ് കമ്മിഷന്‍.

സിസിഎസ്‌സിഎച്ചിന്റെ രൂപീകരണത്തിലൂടെ ആഗോള സുഗന്ധവ്യഞ്ജന മേഖലയില്‍ സുതാര്യതയും ഉന്നതമായ വിപണന രീതികളുമുറപ്പാക്കാന്‍ ആധുനികവും ശാസ്ത്രീയവുമായ സംവിധാനമൊരുക്കാന്‍ കഴിഞ്ഞതായും റീത പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ മേഖലകളിലെ 37 രാജ്യങ്ങളില്‍നിന്നായി നൂറോളം പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മൂന്നു രാജ്യാന്തര നിരീക്ഷക സംഘടനകളും പങ്കാളികളാണ്.

2015ല്‍ ഗോവയില്‍ നടന്ന സിസിസിഎസ്എച്ച് സമ്മേളനം രൂപം നല്‍കി, കഴിഞ്ഞവര്‍ഷം ജൂലൈയില്‍ റോമില്‍ നടന്ന കോഡക്‌സ് അലിമെന്റേറിയസ് സമ്മേളനം അംഗീകരിച്ച ജീരകത്തിനും കാശിത്തുമ്പയ്ക്കുമായുള്ള കരട് മാനദണ്ഡങ്ങളിന്മേല്‍ കൂടുതല്‍ ചര്‍ച്ചയും നടക്കും. കുരുമുളകിനും പനിക്കൂര്‍ക്കയ്ക്കുമുള്ള കരട് മാനദണ്ഡങ്ങളുടെ ചര്‍ച്ചയും ഇതിനൊപ്പമുണ്ടാകും. സുഗന്ധവ്യഞ്ജനങ്ങളുടെ തരംതിരിക്കലിനെപ്പറ്റിയും സുഗന്ധ വ്യഞ്ജന ശബ്ദകോശത്തെപ്പറ്റിയുമുള്ള ചര്‍ച്ചകളും അവതരണങ്ങളുമുണ്ടാകും.
ഭക്ഷ്യഗുണനിലവാരം ഉറപ്പാക്കാനുള്ള സിഎസിയുടെ പരിശ്രമങ്ങള്‍ ശരിയായ ദിശയിലേക്കു നയിക്കാനുള്ള ശാസ്ത്രീയ അറിവുകള്‍ സമ്മേളനം നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) ചെയര്‍മാന്‍ ആശിഷ് ബഹുഗുണ പറഞ്ഞു. ഭക്ഷ്യസുരക്ഷയും മാതൃകാപരമായ വിപണന രീതികളും ലക്ഷ്യമിട്ടുള്ള നടപടികളിലൂടെ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്താനും അവ തമ്മില്‍ യോജിപ്പുണ്ടാക്കാനും സിസിഎസ്‌സിഎച്ച് ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും പാചക സസ്യങ്ങള്‍ക്കും ആഗോള ഗുണനിലവാര മാനദണ്ഡങ്ങളുറപ്പാക്കുന്നതില്‍ അഭിപ്രായസമന്വയവും സുതാര്യതയും കൊണ്ടുവരാനുള്ള സിസിഎസ്‌സിഎച്ചിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെന്ന് സ്‌പെസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ. ജയതിലക് പറഞ്ഞു.

ഇന്ത്യ ആതിഥേയ രാജ്യമായും സ്‌പൈസസ് ബോര്‍ഡ് ആതിഥേയ സംഘടനയായും നിശ്ചയിച്ച്ച് നൂറ്റിയഞ്ചു അംഗരാജ്യങ്ങള്‍ ചേര്‍ന്ന് 2013ല്‍ തുടക്കമിട്ട സിസിഎസ്‌സിഎച്ച് സുഗന്ധ വ്യഞ്ജനങ്ങളുടെയും പാചക സസ്യങ്ങളുടെയും ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ടാണു പ്രവര്‍ത്തിക്കുന്നത്. മാനദണ്ഡ നിര്‍ണയങ്ങളില്‍ ഇരട്ടിപ്പ് ഒഴിവാക്കാന്‍ സമാനസ്വഭാവമുള്ള മറ്റു രാജ്യാന്തര സംഘടനകളുമായി നിരന്തര ആശയവിനിമയവും നടത്തുന്നു. സിസിഎസ്‌സിഎച്ചിന്റെ ആദ്യ സമ്മേളനം 2014ല്‍ കൊച്ചിയിലും രണ്ടാം സമ്മേളനം 2015 ഗോവയിലുമാണ് നടന്നത്.

NO COMMENTS

LEAVE A REPLY