പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ

292

കൊച്ചി : പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ. ഹൈക്കോടതിയിലാണ് സി.ബി.എസ്.ഇ ഇക്കാര്യം അറിയിച്ചത്. കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അമീയ സലീമിന്റെ ഹര്‍ജിയിലാണ് സിബിഎസ്ഇയുടെ വിശദീകരണം.

അമീയ പരീക്ഷയെഴുതാന്‍ ഉപയോഗിച്ചത് 2016ല്‍ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറാണെന്നാണ് വിശദീകരണം. അതേസമയം അമീയയുടെ അഭിഭാഷകര്‍ സിബിഎസ്ഇയുടെ വാദം പച്ചക്കള്ളമെന്ന് കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് സിബിഎസ്ഇ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ മാറി നല്‍കിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പുന:പരീക്ഷ നടത്താമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

2018 മാര്‍ച്ച് 28നു നടന്ന സിബിഎസ്ഇ കണക്ക് പരീക്ഷയില്‍ തനിക്ക് ലഭിച്ചത് പഴയ ചോദ്യപ്പേര്‍ ആണെന്നാണ് വിദ്യാര്‍ത്ഥിനി ആരോപിക്കുന്നത്. ചോദ്യപ്പേര്‍ മാറിയ കാര്യം വ്യക്തമായത് പരീക്ഷയ്ക്കു ശേഷം കൂട്ടുകാരുമായി സംസാരിച്ചപ്പോഴാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സിബിഎസ്ഇയ്ക്ക് പരാതി നല്‍കിയിരുന്നു.

NO COMMENTS