മുസ്ലിം സ്ത്രീകളുടെ അവകാശത്തിന്‍മേലുളള കടന്നുകയറ്റമാണ് മുത്തലാഖെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

227

ന്യൂഡല്‍ഹി • മുസ്ലിം സ്ത്രീകളുടെ അവകാശത്തിന്‍മേലുളള കടന്നുകയറ്റമാണ് മുത്തലാഖെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. മുത്തലാഖ് ഒഴിവാക്കണമെന്ന മുസ്‍ലിം സ്ത്രീകളുടെ ആവശ്യം ന്യായമാണെന്നും ഇതിനായി സമരം ചെയ്യുന്ന വനിത സംഘടനകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നതായും പിബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, ഭൂരിപക്ഷസമുദായങ്ങളുടെയും വ്യക്തിനിയമങ്ങളില്‍ സമഗ്രപരിഷ്കരണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. മുത്തലാഖും ഏകീകൃത സിവില്‍കോഡും രാജ്യമെങ്ങും ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മും നിലപാട് വ്യക്തമാക്കുന്നത്.
എന്നാല്‍, മുത്തലാഖിനെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് മുസ്‍ലിം സമുദായത്തെ മാത്രമാണ്. ഹിന്ദു വ്യക്തിനിയമത്തിലെ അപാകതകള്‍ പരിഷ്കരിക്കാതെ മുത്തലാഖിനെ വിമര്‍ശിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഉദ്ദേശ്യം സ്ത്രീ സമത്വമല്ലെന്നും പൊളിറ്റ് ബ്യൂറോ ആരോപിച്ചു.ദത്തെടുക്കുന്നതും സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹിന്ദുസ്ത്രീകളോട് വിവേചനമുണ്ട്. ഇതവസാനിപ്പിക്കാന്‍ സമഗ്രപരിഷ്കാരം വേണം. മുസ്‍ലിം രാജ്യങ്ങള്‍ വരെ ഒഴിവാക്കിയ മുത്തലാഖ് ഇന്ത്യയിലും നിരോധിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച സിപിഎം ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും വ്യക്തമാക്കി.
മുത്തലാഖ് മനുഷ്യത്വ രഹിതമാണെന്നു മന്ത്രി കെ.ടി ജലീലും പറഞ്ഞു‍. മുത്തലാഖ് സംബന്ധിച്ച്‌ ഏകാഭിപ്രായത്തിലേക്ക് മുസ്‍ലിം സംഘടനകള്‍ ഉടന്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. മുത്തലാഖിന്‍റെ മറവില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഏതിര്‍ക്കേണ്ടതാണെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY