മൂന്നു വര്‍ഷത്തിനിടെ അനധികൃത കുടിയേറ്റത്തിനു ബ്രിട്ടനില്‍ 27,000 വിദേശികള്‍ അറസ്റ്റില്‍

245

ലണ്ടന്‍• കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റത്തിനു ശ്രമിച്ച്‌ അറസ്റ്റിലായ വിദേശികളുടെ എണ്ണം 27,000 കഴിഞ്ഞു. അനധികൃത കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ അനുദിനം ശക്തമായ നടപടികള്‍ കൈക്കൊള്ളുമ്ബോഴും വര്‍ഷംതോറും ഇക്കാര്യത്തില്‍ 25% വര്‍ധനയാണുണ്ടാകുന്നത്. അവിശ്വസിനീയമായ മാര്‍ഗങ്ങളിലൂടെയാണ് യുകെയിലേക്കു കുടിയേറാന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.
രാത്രികാലങ്ങളില്‍ ഫെറികളില്‍ നീന്തിക്കയറിയും മോട്ടോര്‍വേകളില്‍ ഒളിച്ചിരുന്നു ട്രക്കുകളില്‍ കയറിപ്പറ്റിയും വലിയ ലോറികളുടെ അടിയില്‍ അള്ളിപ്പിടിച്ചിരുന്നുമൊക്കെയാണു പലരും അതിര്‍ത്തി കടക്കുന്നത്. ഇതിനിടെ അപകടത്തില്‍പെട്ടു മരിക്കുന്നവരും ഗുരുതരമായി പരുക്കേല്‍ക്കുന്നവരും നിരവധിയാണ്.

അനിയന്ത്രിതമായ ഈ നുഴഞ്ഞുകയറ്റം തടയാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ബ്രിട്ടനിലെ ആഭ്യന്തര മന്ത്രാലയം. 2013ല്‍ 7,913 പേരാണ് അനധികൃതമായി അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം ഇത്തരക്കാരുടെ എണ്ണം 9,600 ആയി. മൂന്നുവര്‍ഷത്തിനിടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 27,800 ആണ്.
ഇതുകൂടാതെ ഫ്രാന്‍സ്, ബല്‍ജിയം, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളിലൂടെ ബ്രിട്ടനിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അവിടങ്ങളില്‍ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷത്തോളമാണ്. സിറിയയില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും യൂറോപ്പിലെത്തിയിട്ടുള്ള അഭയാര്‍ഥികളാണ് ഇവരിലേറെയും.
ഫ്രാന്‍സിന്റെ അതിര്‍ത്തി തുറമുഖമായ കാലൈയില്‍ മാത്രം തമ്ബടിച്ചിരിക്കുന്നത് അറുപതിനായിരത്തോളം അഭയാര്‍ഥികളാണ്. ഇവരുടെയെല്ലാം മുഖ്യലക്ഷ്യം ബ്രിട്ടനാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരാന്‍ തീരുമാനിച്ചതോടെ ലക്ഷ്യം എളുപ്പമല്ലാതായി. ഈ സാഹചര്യത്തിലാണ് അനധികൃത മാര്‍ഗത്തിലൂടെയുള്ള നുഴഞ്ഞുകയറ്റം വര്‍ധിക്കുന്നത്.