ബ്രിട്ടന്‍ വീസ നയം മാറ്റി; ഇന്ത്യയ്ക്ക് തിരിച്ചടി

201

ലണ്ടന്‍• കുടിയേറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്‍മാര്‍ക്കുള്ള വീസ നയത്തില്‍ ബ്രിട്ടന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്നുള്ള ഐടി വിദഗ്ധര്‍ക്ക് അടക്കം ഇതു വന്‍ തിരിച്ചടിയാകും. ഈ മാസം 24നുശേഷം ടിയര്‍ 2 ഇന്‍ട്ര-കമ്ബനി ട്രാന്‍സ്ഫര്‍ (ഐസിടി) കാറ്റഗറി വീസകള്‍ക്ക് അപേക്ഷിക്കാനുള്ള ശമ്ബളപരിധി 30,000 പൗണ്ട് ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 20,888 പൗണ്ട് ആണ്. ബ്രിട്ടനിലെ ഇന്ത്യന്‍ ഐടി കമ്പനികളാണ് പ്രധാനമായും ഐടിസി കാറ്റഗറി വീസ ഉപയോഗിക്കുന്നത്. ഈ കാറ്റഗറി വീസകള്‍ നല്‍കിയതില്‍ 90 ശതമാനവും ഇന്ത്യന്‍ പ്രഫഷനലുകള്‍ക്കാണെന്ന് യുകെ കുടിയേറ്റ ഉപദേശക സമിതി (എംഎസി) നേരത്തേ കണ്ടെത്തിയിരുന്നു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ നാളെ ഇന്ത്യയിലെത്താനിരിക്കെയാണ് ഇന്ത്യയ്ക്കു ദോഷകരമായ വീസാ നയമാറ്റം. ടിയര്‍ 2 ഐടിസി ജനറല്‍ വീസയിലും ശമ്ബളപരിധി ഉയര്‍ത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് ഇംഗ്ലിഷ് പരിജ്ഞാന പരീക്ഷ വിജയിച്ചിരിക്കണമെന്ന പുതിയ വ്യവസ്ഥയും യൂറോപ്യന്‍ യൂണിയനു പുറത്തുള്ളവര്‍ക്കു തിരിച്ചടിയാകും. അഞ്ചുവര്‍ഷ താമസവീസയിലെത്തുന്നവര്‍ ബ്രിട്ടനില്‍ രണ്ടരവര്‍ഷം താമസിച്ചശേഷം ഭാഷാപരിജ്ഞാന പരീക്ഷ പാസാകണം. ഇത് അടുത്തവര്‍ഷം മേയ് ഒന്നുമുതലാണു പ്രാബല്യത്തില്‍ വരിക. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന് എംഎസി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള വീസ നയമാറ്റങ്ങളാണു ബ്രിട്ടന്‍ നടപ്പിലാക്കിവരുന്നത്.