തദ്ദേശ പങ്കാളിത്ത ബജറ്റ്: ബ്രിക്‌സ് യോഗം കൊച്ചിയില്‍ ഇന്ന്(03.11.2016) തുടങ്ങും

211

കൊച്ചി: ബ്രിക്‌സ് രാജ്യങ്ങളുടെയും നഗരങ്ങളുടെയും ഭരണ സംവിധാനങ്ങളുടെയും കൂട്ടായ്മ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശപങ്കാളിത്ത ബജറ്റിംഗിനെക്കുറിച്ച് നടത്തുന്ന ത്രിദിന സമ്മേളനം നവംബര്‍ മൂന്നിന് കൊച്ചിയില്‍ ആരംഭിക്കും. കേന്ദ്ര പഞ്ചായത്ത് രാജ് വകുപ്പ് സംഘടിപ്പിക്കുന്ന യോഗം കൊച്ചി താജ് ഗേറ്റ്‌വേയിലാണ് നടക്കുന്നത്.

കേന്ദ്ര പഞ്ചായത്ത് രാജ്, കുടിവെള്ള, ശുചിത്വ വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി പുരുഷോത്തം റുപാല ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രാജ്യസഭാംഗം വിനയ് സഹസ്രബുദ്ധേ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീല്‍, രാജസ്ഥാന്‍ പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രി സുരേന്ദ്ര ഗോയല്‍, മധ്യപ്രദേശ് ഗ്രാമവികസന, സാമൂഹ്യക്ഷേമ, പഞ്ചായത്തരാജ് വകുപ്പ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ, ബ്രസീല്‍, റഷ്യ, ചൈന എന്നീരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ബ്രിക്‌സ ്അംഗരാജ്യങ്ങളായ ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ തദ്ദേശ പങ്കാളിത്ത ആസൂത്രണം ചെറിയതോതില്‍ പ്രാബല്യത്തിലുണ്ട്. എന്നാല്‍ റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തദ്ദേശ പങ്കാളിത്തത്തില്‍ അനന്യമായ മാതൃക സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ അംഗരാജ്യങ്ങള്‍ക്കുള്ള ബൃഹത്തായ അറിവ് പരസ്പരം പങ്കുവയ്ക്കാനുള്ള അവസരമാണ് സമ്മേളനത്തിലൂടെ കൈവരുന്നത്.വികേന്ദ്രീകരണം, സാമ്പത്തിക വികസനം, മനുഷ്യശേഷി വികസനം, സാമൂഹ്യവികസനം, സാമൂഹ്യ നീതി എന്നീ മേഖലകളുമായി തദ്ദേശ പങ്കാളിത്ത ബജറ്റിംഗിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടക്കുക.

പങ്കാളിത്ത ബജറ്റ്, അധികാര വികേന്ദ്രീകരണം എന്നിവ കാലാകാലങ്ങളായി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍വരുന്നുണ്ടെങ്കിലും അധികാര വികേന്ദ്രീകരണ പ്രക്രിയവെല്ലുവിളികള്‍ നിറഞ്ഞതും മന്ദഗതിയിലും അങ്ങിങ്ങായി മാത്രമുള്ളതും കേന്ദ്രീകൃതവുമാണ്. സാമ്പത്തിക വികേന്ദ്രീകരണത്തിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിഭവസമാഹരണത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കേണ്ടതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പലതും തദ്ദേശ വികസനത്തിലെ വെല്ലുവിളികളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പദ്ധതികള്‍ ഗുണഭോക്താക്കള്‍ക്ക് എത്തുന്നതില്‍ തദ്ദേശ സംവിധാനങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. തദ്ദേശവികസനത്തിലെ ആസൂത്രണവും നിര്‍വഹണവും ഉറപ്പാക്കുന്നതിനായി പരമാവധി വിഭവവിനിയോഗം നടത്തണം. ഇതിന് തദ്ദേശ ബജറ്റിംഗില്‍ ഉചിതമായ സംവിധാനങ്ങള്‍ ആവശ്യമാണ്.

വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സംസ്ഥാന ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റ ്ആന്‍ഡ് പഞ്ചായത്ത് രാജ് ഡയറക്ടര്‍ ജനറല്‍ ഡോ.ഡബ്ല്യൂ.ആര്‍.റെഡ്ഡി, നബാര്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ചെയര്‍മാന്‍ ഡോ.ജെ.കെ.മഹാപാത്ര, സന്നദ്ധ സംഘടനയായ മിറാഡ എക്‌സിക്യൂട്ടീവ ്‌വൈസ് പ്രസിഡന്റ് ഡോ.എസ്.എസ്.മീനാക്ഷിസുന്ദരം, സ്വാമി വിവേകാനന്ദ് യൂത്ത് മൂവ്‌മെന്റ് സ്ഥാപക പ്രസിഡന്റും മൈസൂരുവിലെ ഗ്രാസ്‌റൂട്ട് റിസര്‍ച്ച് ആന്‍ഡ് അഡ്വക്കസി ചെയര്‍മാനുമായ ഡോ.ആര്‍.ബാലസുബ്രഹ്മണ്യം എന്നിവര്‍ നയിക്കും.

നവംബര്‍ അഞ്ച് ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര നഗരവികസന വകുപ്പു മന്ത്രി എം വെങ്കയ്യ നായിഡു മുഖ്യാതിഥിയായിരിക്കും. കേന്ദ്ര ഗ്രാമവികസനവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ അധ്യക്ഷത വഹിക്കും.

കേന്ദ്ര പഞ്ചായത്ത് രാജ് അഡി.സെക്രട്ടറി എ.കെ ഗോയല്‍ റിപ്പോര്‍ട്ട് അവതരണം നടത്തും. പഞ്ചായത്ത്‌രാജ് സഹമന്ത്രി പുരുഷോത്തം റുപാല, സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്, മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മല്യ, കെ വി തോമസ് എംപി എന്നിവര്‍ സംസാരിക്കും.സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായി പ്രാദേശിക സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര പഞ്ചായത്ത ്‌രാജ് ജോയിന്റ ്‌സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. ആസൂത്രണം, തദ്ദേശ പങ്കാളിത്ത ബഡ്ജറ്റിംഗ്, മുന്‍ഗണനക്രമം, പ്രാദേശികമായ ഇടപെടല്‍ എന്നിവയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് സന്ദര്‍ശനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY