സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ വികസന പദ്ധതികള്‍ ജനങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കണം: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍

241

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിംഗ് തോമര്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ച് മൂന്നുദിവസമായി കൊച്ചിയില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തുകള്‍ക്ക്മൂലധനം പ്രശ്‌നമല്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പക്ഷെ അതുപയോഗിച്ച് സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ ഫണ്ട് കൊണ്ട് പ്രയോജനമില്ല. ശുചിത്വപദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന കക്കൂസുകള്‍ ജനങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ പിന്നെ അതുകൊണ്ട്എന്തു പ്രയോജനമെന്ന് മന്ത്രി ചോദിച്ചു.

വികസനമെന്നാല്‍ തദ്ദേശവാസികളുടെ മാനസികവും സാമൂഹ്യവുമായ ഉന്നമനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്തുകളുടെകാര്യത്തില്‍ കേരളം എന്നും രാജ്യത്തിന് മാതൃകയായിരുന്നു. ബ്രിക്‌സ് സമ്മേളനത്തിലൂടെ കേരളത്തിന്റെ മാതൃക അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു.കേരളത്തിലെ ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നേരിട്ടുകണ്ട് മനസിലാക്കാന്‍ സാധിച്ചത് മികച്ച അനുഭവമായി പ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും താഴേത്തട്ടിലുള്ള വ്യക്തിയുടെ വികസനമാണ് എല്ലാ സര്‍ക്കാരുകളും ലക്ഷ്യം വയ്ക്കുന്നത്. അതില്‍കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ല. ധനസഹായം നല്‍കുക എന്നത് മാത്രമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചുമതല. എന്നാല്‍ ലഭിക്കുന്ന ധനസഹായം മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക്മാത്രമേ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറഞ്ഞ ശിശുമരണനിരക്ക്, സാര്‍വത്രിക വിദ്യാഭ്യാസം, മികച്ച ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ കേരളത്തിന്റെ ശരാശരി വികസിതരാജ്യങ്ങള്‍ക്കൊപ്പമാണെന്ന് ചടങ്ങില്‍ സംസാരിച്ച സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. എന്നാല്‍ സ്ത്രീ ശാക്തീകരണത്തിലും പരിസ്ഥിതിവിഷയങ്ങളിലും കേരളം പിന്നാക്കമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിവിഷയത്തില്‍ കേരളം ദുരന്തത്തിന്റെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ താഴേത്തട്ടിലുള്ളബോധവത്കരണമാണ് വേണ്ടത്. തദ്ദേശ പങ്കാളിത്ത ആസൂത്രണത്തിന് ഈ വിഷയത്തില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികള്‍, സ്ത്രീകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് തദ്ദേശ ബജറ്റില്‍ നല്‍കേണ്ട പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു അവസാന ദിവസം നടന്ന ചര്‍ച്ചകള്‍. പങ്കാളിത്ത ബജറ്റിലെ ഝാര്‍ഖണ്ഡ്മാതൃക ചര്‍ച്ച നയിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവ്‌ലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്ത്‌രാജ ്ഡയറക്ടര്‍ ജനറല്‍ ഡോ.ഡബ്ല്യു.ആര്‍റെഡ്ഡി എടുത്തു പറഞ്ഞു. തദ്ദേശ ബജറ്റിലെ റഷ്യന്‍ മാതൃകയും ചര്‍ച്ചയില്‍ അവതരിക്കപ്പെട്ടു. റഷ്യയിലെ ലോകബാങ്ക് പ്രാദേശിക പങ്കാളിത്ത പദ്ധതിയുടെ കര്‍മ്മസേന തലവന്‍ ഇവാന്‍ ഷുല്‍ഗയാണ് വിഷയാവതരണം നടത്തിയത്. 4000 സൂക്ഷ്മ പദ്ധതികളാണ് റഷ്യയില്‍ ഈ പദ്ധതി പ്രകാരം നടത്തുന്നത്. 15 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ജനങ്ങളില്‍ നിന്നും ലോകബാങ്കില്‍ നിന്നും ധനസഹായം സ്വീകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പഞ്ചായത്ത്‌രാജ് വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് പട്‌ജോഷി സമാപന സമ്മേളനത്തില്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഗ്രാമവികസന വകുപ്പ് സെക്രട്ടറി ജെ.എസ് മാഥുര്‍, റഷ്യന്‍ ഫെഡറേഷന്‍ ബഷ്‌കോറുസ്റ്റാന്‍ പ്രവിശ്യ പ്രധാനമന്ത്രി റുസ്തം മര്‍ഡനോവ്, ബ്രസീല്‍ എംബസി പ്രതിനിധി ഫാബിയാനോ, ചൈനീസ് എംബസി ഫസ്റ്റ് ഓഫീസര്‍കാവോ ഹായിജുന്‍ എന്നിവരും സമാപന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY